തിരുവനന്തപുരം : തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടില്‍ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കൈവശമുണ്ട്. അതിന് തന്റെ കയ്യില്‍ തെളിവും ചിത്രങ്ങളുമുണ്ട്.
വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കില്‍ കേസെടുക്കാം. തൻ്റെ കയ്യില്‍ ഉള്ള ചിത്രങ്ങള്‍ ഒറിജിനലാണെന്നും വിഡി സതീശൻ വ്യക്തമാക്കി.
കൊടകര കുഴല്‍പ്പണ കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കുഴല്‍പണം, മാസപ്പടി, ലൈഫ്മിഷൻ, ലാവ്ലിൻ കേസുകള്‍ പരസ്പരം സഹായിച്ച് അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദേകം റിസോർട്ടില്‍ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുണ്ടായത് ഇ ഡി റെയ്ഡിന് ശേഷമാണെന്നും സതീശൻ പറഞ്ഞു. ഇപി പാവമാണെന്നും ബിജെപി ബന്ധത്തിനായി പിണറായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.