കോഴിക്കോട്: രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാർഥികള്‍ക്ക് കർശന നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് എൻ.ഐ.ടി. നൈറ്റ് കർഫ്യൂ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീൻ പുതിയ ഉത്തരവ് ഇറക്കിയത്. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാർഥികള്‍ക്ക് ക്യാമ്പസിന് അകത്തേക്ക് പോകാനും ക്യാമ്പസില്‍ നിന്ന് പുറത്ത് പോകാനും കഴിയില്ല. ക്യാമ്പസില്‍ രാത്രി വൈകിയും പ്രവർത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവർത്തിക്കില്ല. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥികള്‍ 11 മണിക്ക് മുമ്പ് മുറിയില്‍ എത്തിയിരിക്കണമെന്നും ഡീനിന്റെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
ആരോഗ്യകരമായ ഭക്ഷണ ശൈലിയാണ് ആവശ്യമെന്നും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയും കാന്റീൻ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുന്നത് എന്നും ഡീൻ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിദ്യാർഥികള്‍ ചൂഷണം ചെയ്യപ്പെടുന്നു, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നു എന്നീ കാരണങ്ങള്‍ പരിഗണിച്ചാണ് ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം എന്നും ഡീൻ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സ്ഥിരമായി രാത്രി വൈകി ഉറങ്ങുന്നത്, കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതുവഴി പഠനത്തെയും ഉള്‍പ്പെടെ ബാധിക്കും. തുടർച്ചയായി ഉറക്കക്രമം തെറ്റുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്നതും കൂടി കണക്കിലെടുത്താണ് നിയന്ത്രണം. ഉത്തരവ് യാതൊരു തരത്തിലും വിദ്യാർത്ഥികളുടെ സ്വാതന്ത്രം ഇല്ലാതാക്കലല്ലെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഡീൻ ഇറക്കിയ ഉത്തരവ് അംഗീകരിക്കാൻ ആവില്ലെന്നാണ് ഒരു വിഭാഗം വിദ്യാർഥികളുടെ നിലപാട്. ബുധനാഴ്ച രാത്രി പത്ത് മണിക്ക് കാമ്ബസ് ഗേറ്റില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.