ലാഹോർ : മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം ക്രിക്കറ്റിൽ നിന്ന് അകന്ന് ഏറെക്കുറെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. 1958 ലെ ബ്രിഡ്ജ്ടൗൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് 20 ആം വയസിൽ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. 1972-73 പര്യടനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെൽബണിൽ അവസാന ടെസ്റ്റ് കളിച്ചു. 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം അഞ്ച് സെഞ്ചുറികളും 16 അർധസെഞ്ചുറികളും സഹിതം 2,991 റൺസ് നേടിയിട്ടുണ്ട്. ഓഫ് സ്പിൻ ബൗളർ കൂടിയായ അഹമ്മദ് 22 വിക്കറ്റുകളും വീഴ്ത്തി. വലിയ വിവാദങ്ങൾക്ക് ശേഷമാണ് അദ്ദേഹം വിരമിച്ചത്. മെൽബൺ ടെസ്റ്റിൽ ഓസീസ് പേസർ ഡെന്നിസ് ലില്ലിക്കെതിരെ അഹമ്മദ് വഴക്കിട്ടിരുന്നു. പിന്നീട് ഡെന്നിസ് ലില്ലിക്കെതിരെ കളിക്കാതിരിക്കാൻ അഹമ്മദ് വ്യാജ പരുക്ക് കഥ പടച്ചുവിട്ടു. ഇത് പിന്നീട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി. അച്ചടക്ക നടപടിക്ക് വിധേയനായ അദ്ദേഹം പിന്നീട് ഒരിക്കലും പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.