കൊച്ചി: കോവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷനുമായി കെഎസ്ആര്‍ടിസി. ജനുവരി 3 തിങ്കളാഴ്ച ദിവസം മാത്രം കെഎസ്ആര്‍ടിസി സര്‍വീസുകളിലൂടെ നേടിയത് ആറുകോടിയിലധികം രൂപ. സൗത്ത് സോണില്‍നിന്ന് 2,65,39,584 രൂപയും നോര്‍ത്ത് സോണില്‍നിന്ന് 1,50,23,872 രൂപയും,സെന്‍ട്രല്‍ സോണില്‍നിന്ന് 2,02,62,092 രൂപയുമാണ് ജനുവരി 3ന് കെഎസ്ആര്‍ടിസി നേടിയത്. കൊവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്ക് സര്‍വീസിലൂടെ ലഭിക്കുന്ന റെക്കോര്‍ഡ് വരുമാനമാണ് ഇത്. കൊവിഡ് ലോക്ക്ഡൌണിന് മുന്‍പ് ഏഴുകോടിയില്‍ അധികം രൂപ അവധി ദിവസങ്ങള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ലഭിച്ചിരുന്നു.
ശബരിമല പമ്പ റൂട്ടിലെ സര്‍വീസില്‍ നിന്നും നിലയ്ക്കല്‍ പമ്പ റൂട്ടില്‍ മികച്ച വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. തിരക്ക് വരുന്നതിന് അനുസരിച്ച് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. ചെങ്ങന്നൂര്‍, കുമളി, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കാനാണ് കെഎസ്ആര്‍ടിസി പദ്ധതി.കൊവിഡിന് മുന്‍പ് കേരളത്തില്‍ കെഎസ്ആര്‍ടിസി 5800 ബസ് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇപ്പോള്‍ ഇത് 3000 ബസുകളാണ്. തിരുക്കുള്ള ദിവസങ്ങളില്‍ ഇതില്‍ അഞ്ചൂറോളം സര്‍വീസുകള്‍ കൂടുതല്‍ നടത്താറുണ്ട്.