മണര്‍കാട് : വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സഹവികാരിയായിരുന്ന അന്തരിച്ച ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ മണര്‍കാട് ഇടവകയുടെ നിറസാന്നിധ്യമായിരുന്നുവെന്ന് യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര്‍ തീമോത്തിയോസ്. കത്തീഡ്രലില്‍ ഇന്നലെ നടന്ന ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികവുറ്റ നേതൃത്വംകൊണ്ടും വൈശിഷ്ട്യമാര്‍ന്ന സ്വഭാവ മഹത്വംകൊണ്ടും ഇടവകയുടെ കാര്യങ്ങള്‍ വളരെ നന്നായി നിര്‍വഹിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മൂന്നു പതിറ്റാണ്ടായി ഈ ഇടവകയ്ക്ക് നേതൃത്വം നല്‍കി ഇടവകയിലെ മുഴുവന്‍ ജനങ്ങളുടെയും സുഹൃത്തും, നല്ല ഉപദേശങ്ങള്‍കൊണ്ടും നല്ല മാതൃകകൊണ്ടും എല്ലാവരെയും അനുഗ്രഹിച്ച വ്യക്തിത്വമായിരുന്നു ചിരവത്തറ അച്ചനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ആന്‍ഡ്രൂസ് ചിരവത്തറ അച്ചന്റെ സേവനമനോഭാവവും അര്‍പ്പണബോധവും മാതൃകാപരമായിരുന്നുവെന്ന് മന്ത്രി വിഎന്‍ വാസവന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കനകംഭീരമായ ശബ്ദത്തിലുള്ള ആരാധന വളരെ ഇമ്പകരമായിരുന്നു. മികച്ച സംഘാടകനായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുശോചന സന്ദേശം മാത്യൂസ് മോര്‍ അന്തീമോസും കത്തീഡ്രലിന്റെ അനുശോചന സന്ദേശം വികാരി ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ് ഇട്ടിയേടത്തിന് വേണ്ടി സഹവികാരി ഫാ. ജെ. മാത്യൂസ് മണവത്തും വായിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഭദ്രാസനത്തിനുവേണ്ടി തോമസ് മോര്‍ തീമോത്തിയോസും ക്‌നനായ അതിഭദ്രാസനത്തിനുവേണ്ടി റാന്നി മേഖലാധിപന്‍ കുറിയാക്കോസ് മോര്‍ ഈവാനിയോസും യാക്കോബായ സഭയുടെ സണ്ടേസ്‌കൂള്‍ പ്രസ്താനങ്ങള്‍ക്കുവേണ്ടി മാത്യൂസ് മോര്‍ അന്തീമോസും അനുസ്മരിച്ചു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. ഫാ. റോയി കട്ടച്ചിറ, ഫാ. കുര്യന്‍ വടക്കേപറമ്പില്‍, കുറിയാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കത്തീഡ്രല്‍ ട്രസ്റ്റി പി.എ. ഏബ്രഹാം പഴയിടത്തുവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.