ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്ന് ഭാര്യ സുനിത കെജ്രിവാള്. പൊതുജനത്തിന് എല്ലാം അറിയാം. നരേന്ദ്രമോദിക്ക് അധികാരത്തിന്റെ അഹങ്കാരമെന്നും സുനിത കെജ്രിവാള് എക്സില്‍ കുറിച്ചു. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തില്‍ മോദി അറസ്റ്റ് ചെയ്തു. അദ്ദേഹം എല്ലാവരേയും തകർക്കാൻ ശ്രമിക്കുന്നു. ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. അകത്തായാലും പുറത്തായാലും കെജ്രിവാള് തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നു.
പൊതുജനത്തിന് എല്ലാം അറിയാം. ജയ് ഹിന്ദ്, സുനിത കെജ്രിവാള് എക്സില്‍ കുറിച്ചു. ഡല്‍ഹി മദ്യനയക്കേസില്‍ വ്യാഴാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് പ്രതിപക്ഷത്തെ പ്രമുഖനേതാവായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇ.ഡി.യുടെ എട്ടംഗസംഘം കെജ്രിവാളിന്റെ ഡല്‍ഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയില്‍ എത്തിയത്. ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.