സിനിമ ഡസ്ക് : മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഡിനോ ഡെന്നീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യ്‌ക്ക് പാക്കപ്പ്. 2024ൽ മമ്മൂട്ടി ആരാധകർ വേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ വിവരം ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി അണിയറ പ്രവർത്തകർ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അറിയിച്ചത്.മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ അവസാനവട്ട ചിത്രീകരണം 2024 ഫെബ്രുവരി 23നാണ് ആരംഭിച്ചത്. ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടോവിനോ തോമസ് ചിത്രത്തിനുശേഷം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനുവി എബ്രഹാം ഡോള്‍വിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തില്‍ ഗൗതം വസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നിസ് തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ്. പൂർണ്ണമായും ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം കഥയിലും അവതരണത്തിലും തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്ക് നയിച്ചുകൊണ്ട് അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സമ്മാനിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.മമ്മൂട്ടിയെ കൂടാതെ സിദ്ധാർത് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത്ത് നവല്‍, സ്ഫടികം ജോർജ് , ദിവ്യ പിള്ള, ഐശ്വര്യ മേനോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്. കൊച്ചി, പാലക്കാട്, കോയമ്ബത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മുടി നീട്ടി വളർത്തി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കൻഡ് പോസ്റ്ററിനും സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. ചിത്രം 2024 പകുതിയോടുകൂടി തീയറ്ററിൽ എത്തും എന്നാണ് വിവരം.