പള്ളത്തു നിന്നും
ജാഗ്രതാ ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: എം.സി റോഡിൽ പള്ളത്ത് വാഹനാപകടം. പള്ളം പോസ്റ്റ് ഓഫിസിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലേയ്ക്കു തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പൂച്ചമുക്ക് കുളത്തിൽപറമ്പിൽ ഹിദായത്തുദീൻ (40), ജിനു എന്നിവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ പള്ളം പോസ്റ്റ് ഓഫിസ് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന കാർ. പള്ളം പോസ്റ്റ് ഓഫിസിനു മുന്നിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ തലകീഴായി റോഡരികിലേയ്ക്കു മറിയുകയായിരുന്നു. റോഡരികിലെ മരക്കൂട്ടത്തിലേയ്ക്കാണ് കാർ തല കുത്തി മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു കാർ ഉയർത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്നു അഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്ത് എത്തിയ കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘമാണ് അപകടത്തിൽപ്പെട്ടയാത്രക്കാരെ പുറത്തെടുത്തത്. തുടർന്നു രണ്ടുപേരെയും അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രണ്ടു പേരുടെയും നില ഗുരുതരമല്ല. അഗ്നിരക്ഷാ സേനാംഗങ്ങൾ തന്നെയാണ് കാർ ഉയർത്തിയത്. ചിങ്ങവനം പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.