കടുത്തുരുത്തി: ഇടുക്കിയിൽ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ്-എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തം പാർട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തിയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി. അഞ്ചു തവണ മത്സരത്തിന് അവസരം നൽകിയ നേതാവിനെ പോലും വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനാർത്ഥി ഏത് പാർട്ടിയിൽ ആയിരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു.മുന്നണികളും പാർട്ടികളും മാറുന്നത് സാധാരണമാക്കിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജനമനസിൽ സ്ഥാനമില്ല. കോട്ടയത്തിന്റെ വികസനം തുടരുന്നതിന് തോമസ് ചാഴികാടന്റെ വിജയം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ജോസ് പുത്തൻകാലാ, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.