ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ ഡെസ്‌ക്
കോട്ടയം: മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ പിഞ്ചു കുഞ്ഞ് കാക്കിയുടെ കരുതലിൽ നിന്നും അമ്മയുടെ തണലിലേയ്ക്ക്..! കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ പെൺകുട്ടിയാണെന്നു പൊലീസ് കണ്ടെത്തി. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരുടെ വിശദാംശങ്ങൾ അടക്കം ചോദ്യം ചെയ്യലോടെ മാത്രമേ പുറത്ത് വരൂ എന്നും ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും മോഷണം പോയ കുട്ടിയെ ഒന്നര മണിക്കൂറിനുള്ളിൽ തന്നെ മാതാപിതാക്കളുടെ കൈകളിലേയ്ക്കു മടക്കിയെത്തിച്ചത് പൊലീസിന്റെ കൃത്യനിർവഹണക്കരുത്ത്. തരിമ്പും വിശ്രമമില്ലാതെ, സ്വന്തം കുട്ടിയെയെന്നപോലെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയ ഗാന്ധിനഗർ പൊലീസ് തന്നെയാണ് നാടിന്റെ അഭിമാനം കാത്തത്.
വൈകിട്ട് മൂന്നു മണിയോടെയാണ് ഗൈനക്കോളജി വാർഡിൽ നിന്നും നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി കുട്ടിയെയുമായി കടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലു മണിയോടെ മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗർ പൊലീസിന് കൈമാറിക്കിട്ടുന്നത്. തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെയും, എസ്.ഐ ടി.എസ് റെനീഷും സംഘവും ഉടൻ തന്നെ പാഞ്ഞെത്തുകയായിരുന്നു. ജില്ലയിലെയും, മെഡിക്കൽ കോളേജ് അതിർത്തിയിലെയും എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും ഉടൻ തന്നെ ഗാന്ധിനഗർ പൊലീസിന്റെ സന്ദേശം പാഞ്ഞു.
ഏറ്റുമാനൂരിലും, കോട്ടയം നഗരത്തിലും അടക്കം പൊലീസ് സംഘം ഉണർന്നു. മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ എല്ലാം റോഡിൽ തടഞ്ഞു നിർത്തി പൊലീസ് സംഘം പരിശോധിച്ചു. മെഡിക്കൽ കോളേജ് പരിസരത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും, ആംബുലൻസ് ഡ്രൈവർമാർക്കും, നാട്ടുകാർക്കും മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കും അടക്കം പൊലീസിന്റെ സന്ദേശം ഈ സമയം കൊണ്ട് എത്തിയിരുന്നു. ജില്ലാ പൊലീസിന്റെയും, ഗാന്ധിനഗർ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും തങ്ങളുടെ ബന്ധങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
കാടിളക്കിയുള്ള പൊലീസിന്റെ തിരച്ചിൽ സജീവമായതോടെയാണ് യുവതിയ്ക്കു കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും രക്ഷപെടാൻ പോലും സാധിക്കാതെ വന്നത്. തുടർന്നു, യുവതി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു നൂറ് മീറ്ററുകൾ മാത്രം അകലെയുള്ള ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ യുവതി ഒളിച്ചിരിക്കേണ്ടി വരികയായിരുന്നു. പ്രദേശത്തെ ഒരു ഓട്ടോഡ്രൈവർ യുവതിയെ കണ്ടതോടെ വിവരം പൊലീസിനു കൈമാറി. ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്ത് പാഞ്ഞെത്തുകയും ചെയ്തു.
ഹോട്ടലിനുള്ളിൽ കയറി പൊലീസ് സംഘം ഉടൻ തന്നെ യുവതിയെ കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ ഉദ്ദേശ്യം അടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി ചോദിച്ച് അറിയുകയായിരുന്നു. കുട്ടിയെ കയ്യിൽ വാങ്ങിയ എസ്.ഐ ടി.എസ് റെനീഷ് കുഞ്ഞിനെയുമായി ഇവരുടെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് എത്തി. കുട്ടിയെ ഉടൻ തന്നെ യാതൊരു പോറൽ പോലുമില്ലാതെ ഇവരുടെ മാതാപിതാക്കൾക്കു തന്നെ കൈമാറുകയും ചെയ്തു. കേരളം മുഴുവൻ പൊലീസിനെ പഴി പറയുമ്പോൾ തന്നെയാണ് നന്മയുടെ മറ്റൊരു രൂപവുമായി കാക്കി കുഞ്ഞിന് കാവലായത്..!