മൂന്നാർ: ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. കുമളി മൂന്നാർ സംസ്ഥാന പാതയില്‍ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ഗതാഗത തടസ്സമുണ്ടാക്കി. കെ.എസ്.ആർ.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിട്ട് പരതിയെങ്കിലും പിൻവാങ്ങി. റാപ്പിഡ് ആക്ഷൻ ടീം (ആർ.ആർ.ടി) സ്ഥലത്തെത്തി ജനവാസ മേഖലയില്‍ നിന്ന് ആനയെ തുരത്തി.
തിങ്കളാഴ്ച രാവിലെ 6.45 ഓടെ ലോക്കാട് ടോള്‍ പോസ്റ്റിന് സമീപം നിലയുറപ്പിച്ച ആന വാഹനങ്ങള്‍ കടന്നുപോകാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആർ.ആർ.ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി. ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങള്‍ ആക്രമിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ മദപ്പാട് മാറി ശാന്ത സ്വഭാവത്തിലേക്ക് എത്തിയെന്നാണ് വനം വകുപ്പ് അധികൃതർ നല്‍കുന്ന വിവരം. കെ.എസ്.ആർ.ടി.സി. ബസിന് സമീപം പടയപ്പ എത്തിയെങ്കിലും വാഹനം ആക്രമിക്കാതെ ഭക്ഷണം പരതുകയാണുണ്ടായത്.