മലയാളി സിനിമാപ്രേമികളില്‍ ആടുജീവിതം സൃഷ്ടിച്ച കാത്തിരുപ്പ് അപൂര്‍വ്വം ചിത്രങ്ങളേ സൃഷ്ടിച്ചിട്ടുള്ളൂ. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മറുഭാഷാ സിനിമാപ്രേമികള്‍ക്കും ഈ ചിത്രത്തില്‍ കൗതുകമുണ്ട്. അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ റിവ്യൂസ് പുറത്തെത്തിയിരിക്കുകയാണ്. അത് കേരളത്തില്‍ നിന്നല്ല, മറിച്ച് തെലങ്കാനയില്‍ നിന്നാണ്.
ചിത്രത്തിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ മൈത്രി മൂവി മേക്കേഴ്സ് ആണ്. റിലീസിന് ഏതാനും ദിവസം മാത്രം ശേഷിക്കെ തെലങ്കാനയില്‍ ചിത്രത്തിന്റെ ഒരു പ്രിവ്യൂ ഷോ അവര്‍ സംഘടിപ്പിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ശ്രദ്ധേയ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായായിരുന്നു ഈ പ്രദര്‍ശനം. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു സ്പെഷല്‍ സ്ക്രീനിംഗ്.
ചിത്രം കണ്ടതിന് ശേഷമുള്ള തെലുങ്ക് സംവിധായകരുടെ പ്രതികരണം മൈത്രി മൂവി മേക്കേഴ്സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ബെസ്റ്റ് സര്‍വൈവല്‍ മൂവി”, “ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന സിനിമ”, “ഈ പ്രയത്നത്തിന് കൈയടി” എന്നൊക്കെയാണ് ആടുജീവിതത്തിന് ലഭിച്ച പ്രതികരണങ്ങള്‍. “ഏതൊരു നടനെ സംബന്ധിച്ചും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം. പൃഥ്വിരാജ് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്”, ഒരു സംവിധായകന് പറയുന്നു. “സിനിമ എന്ന മാധ്യമത്തോടുള്ള അഭിനിവേശം ആടുജീവിതത്തില്‍ കാണാം. ഇത്തരം സിനിമകളാണ് നാം മുന്നില്‍ കാണേണ്ടത്”, മറ്റൊരാളുടെ അഭിപ്രായം. “ലോകം മുഴുവന്‍ കൈയടി വാങ്ങും ഈ സിനിമ. വൈകാരികമായി പ്രേക്ഷകര്‍ക്ക് കണക്റ്റ് ആവും ഈ സിനിമ. ഈ സിനിമ ഒരു അനുഭവമാണ്. സിനിമ എന്ന മാധ്യമത്തിന്റെ യഥാര്‍ഥ ശക്തി അത് അനുഭവിപ്പിക്കും”, എന്നിങ്ങനെ നീളുന്നു ചിത്രം കണ്ട് ആവേശത്തില്‍ തെലുങ്ക് സിനിമയില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങള്‍. 28 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.