ഏറ്റുമാനൂർ : പിതാവിനേയും സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ കിണറ്റുംമൂട് ഭാഗത്ത് പന്തനാഴിയിൽ വീട്ടിൽ കെവിൻ ജോർജ് (31) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്റെ പിതാവിനെയും , സഹോദരനെയും കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 8.00 മണിയോടുകൂടി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഇവരെ ഉപദ്രവിക്കുന്നത് കണ്ട് തടസ്സം നിന്നതിലുള്ള വിരോധം മൂലം ഇയാൾ പിതാവിനെ ചീത്ത വിളിക്കുകയും, അടുക്കളയിൽ ഇരുന്ന കത്തിയെടുത്ത് പിതാവിന്റെ തലയിൽ പലതവണ വെട്ടുകയായിരുന്നു.
ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന ഇയാളുടെ സഹോദരനെയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചു. കൂടാതെ വീട്ടിൽ ഉണ്ടായിരുന്ന അമ്മയെയും മറ്റും ഇയാൾ ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ മാരായ സൈജു, ഷാജി, സി.പിഓ മാരായ സനൂപ് ,ധനേഷ്, സുനിൽ കുര്യൻ,നിതിൻ, സിബി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.