തിരുവനന്തപുരം : ഇ.ഡി കേന്ദ്രസർക്കാരിന്റെ കൂലിജോലിക്കാരനേപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജോലി ഇ.ഡിയുടേതും കൂലി ബി.ജെ.പിയുടേതുമെന്ന അവസ്ഥയാണ്. കേന്ദ്ര ഏജൻസികളുടേയെല്ലാം അവസ്ഥ ഇതാണെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇ.ഡി യുടെ പേരില്‍ ബി.ജെ.പി ഭീഷണിപ്പെടുത്തി പണംപിരിക്കുകയാണ്. കെജ്രിവാളിന്റെ അറസ്റ്റ് ഇതിന് ഉദാഹരണമാണെന്നും ഗോവിന്ദൻ പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റ് മദ്യ വ്യാപാരിയായ ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയിലാണ്. ആദ്യം കെജ്രിവാളിനെ അറിയില്ലെന്ന് പറഞ്ഞ റെഡ്ഡി പിന്നീട് മൊഴിമാറ്റുകയും ഇതുവഴി ജാമ്യം ലഭിക്കുകയും ചെയ്തു. ഈ ശരത് ചന്ദ്ര റെഡ്ഡി വഴിയും കോടികളുടെ തിരഞ്ഞെടുപ്പ് ബോണ്ട് ബി.ജെ.പിക്ക് കിട്ടി. കെജ്രിവാളിന്റെ അറസ്റ്റില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ അപമാനിതമാവുകയാണ്. ആദ്യം ജർമനിയും പിന്നീട് അമേരിക്കയും നിലപാട് സ്വീകരിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.
രാജ്യംകണ്ട ഏറ്റവുംവലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. ഇതില്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസിനും പങ്കുണ്ട്. 8251 കോടി ബി.ജെ.പിക്ക് കിട്ടിയപ്പോള്‍ 1952 കോടിയാണ് കോണ്‍ഗ്രസിന് കിട്ടിയത്. എന്നിട്ടാണ് ഇപ്പോള്‍ ബസ്സിന് പോവാൻ കാശില്ലെന്ന് അവർ പറയുന്നതെന്നും കിട്ടയ കോടികള്‍ എവിടെപ്പോയെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. സാന്റിയാഗോ മാർട്ടിന്റെ കയ്യില്‍നിന്നുവരെ കോണ്‍ഗ്രസ് പണം സ്വീകരിച്ചു. കള്ളപ്പണക്കാരില്‍ നിന്നും കുറ്റവാളികളില്‍ നിന്നും പണം പരിച്ചുവെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.