ജാഗ്രതാ ന്യൂസ്
ഗാന്ധിനഗർ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത നീതു ആർ.രാജി (മീനാക്ഷി -33)ന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നീതുവിന്റെ സുഹൃത്തായ കളമശേരി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിലെടുത്തത്. എന്നാൽ, ഇയാൾക്ക് കേസുമായി ബന്ധമുണ്ടെന്നു സൂചനയില്ല. നീതുവിന്റെ മൊഴി അനുസരിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്കു പോകുന്നതിനായാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് നീതു പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിനു പിന്നിലെ ദുരൂഹത തുടരുന്നതിനിടെ നീതുവിനെ സമീപത്തെ ഫ്ളോറൽ പാർക്ക് ഹോട്ടലിൽ നിന്നും പൊലീസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴിയാണ് നീതു നൽകിയത്. ഈ മൊഴിയിലാണ് നീതു സുഹൃത്തായ കളമശേരി സ്വദേശിയ്ക്കു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നു പറഞ്ഞത്. ഇതേ തുടർന്ന് നീതു പറഞ്ഞ കഥകൾ കൃത്യമാണോ എന്നു പരിശോധിക്കുന്നതിനായാണ് കളമശേരി സ്വദേശിയെ ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്.
എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീതുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നു കണ്ടെത്തിയത്. നീതുവിന്റെ സുഹൃത്തായ യുവാവിന് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോ എന്നു പൊലീസിനു ഇനിയും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് ഇയാളെ ഗാന്ധിനഗറിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.