ന്യൂഡല്‍ഹി: നിലവിലെ മാനദണ്ഡപ്രകാരം പിജി മഡിക്കല്‍ കൗണ്‍സിലിങ്ങ് നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണു കോടതി വിധി.അഖിലേന്ത്യ ക്വോട്ടയില്‍ 27% സംവരണം അനുവദിക്കുന്നതിന്റെ ഭരണഘടനാ സാധുത ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ശരിവച്ചു. 8 ലക്ഷം രൂപ വരുമാന പരിധി ഉള്‍പ്പെടെ മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിലും ഈ വര്‍ഷം മാറ്റമില്ല. മുന്നാക്ക സംവരണം ഭാവിയില്‍ നടപ്പാക്കുമ്പോഴുള്ള വ്യവസ്ഥകള്‍ ഹര്‍ജികളിലെ അന്തിമ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാകും.
അഖിലേന്ത്യാ മെഡിക്കല്‍ ക്വോട്ടയില്‍ മുന്നാക്ക വിഭാഗ, മറ്റു പിന്നാക്ക വിഭാഗ(ഒബിസി) സംവരണം ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ തീര്‍പ്പു വൈകിയതു കൗണ്‍സിലിങ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. കേസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി വാദം കേട്ട കോടതി കൗണ്‍സിലിങ് ഒട്ടുംവൈകാതെ തുടങ്ങാന്‍ അനുവദിച്ചു. പിജി കൗണ്‍സിലിങ്ങ് നീളുന്നതിനെതിരെ വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൗണ്‍സിലിങ്ങിനുള്ള പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019ല്‍ ഇഡബ്ല്യുഎസുമായി ബന്ധപ്പെട്ട ഓഫിസ് മെമ്മോറാണ്ടത്തിലെ വ്യവസ്ഥകള്‍ തന്നെയാണോ മുന്നാക്ക സംവരണത്തില്‍ ബാധകമാക്കേണ്ടത് എന്നാണ് കോടതി പരിശോധിക്കുന്നത്. വരുമാന പരിധി 8 ലക്ഷം രൂപയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണന്ന ചോദ്യം ഉയര്‍ത്തിയ കോടതി, ഇതേക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിവച്ചു. ഇതനുസരിച്ച്, ഇഡബ്യുഎസ് വരുമാന പരിധിയില്‍ മാറ്റമുണ്ടാകില്ല.