‘മകളെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി കൊല്ലുകയായിരുന്നു’; അനുജയുടെ മരണത്തില്‍ പൊലീസില്‍ പരാതി നല്‍കി അച്ഛൻ

ആലപ്പുഴ : പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ ദുരൂഹതയാരോപിച്ച്‌ മരിച്ച അനുജയുടെ അച്ഛൻ രംഗത്ത്. അനുജയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ രവീന്ദ്രൻ പൊലീസില്‍ പരാതി നല്‍കി. നൂറനാട് പോലീസ് സ്റ്റേഷനില്‍ നേരിട്ടു എത്തിയാണ് പരാതി നല്‍കിയത്. മകളെ ഹാഷിം ഭീഷണിപ്പെടുത്തിയാണ് ട്രാവലറില്‍ നിന്ന് ഇറക്കിയത്. തുടർന്ന് ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എന്നാണ് പൊലീസിന് നല്‍കിയ പരാതിയിലെ ആവശ്യം. ഇതിനിടെ, പട്ടാഴിമുക്ക് അപകടത്തില്‍ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി.

Advertisements

ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്‌ പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോർട്ട്‌ നല്‍കി. കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയില്‍ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കിയത്. മരണത്തിലേക്ക് കാറോടിച്ച്‌ കയറ്റാൻ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂർ പൊലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീങ്ങണമെങ്കില്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാട്സ്‌ആപ്പ് ചാറ്റുകളും ഫോണ്‍ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബർ വിഭാഗം. അനുജയുടെയും ഹാഷിമിന്‍റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്ബോഴായിരുന്നു പാതിവഴിയില്‍ വച്ച്‌ അനുജയെ ഹാഷിം നിർബന്ധിച്ച്‌ കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. ട്രാവലറില്‍ ഉണ്ടായിരുന്ന അധ്യാപകർ അനുജയോട് ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാൻ സഹപ്രവർത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.

Hot Topics

Related Articles