ബംഗളൂരു: സീറ്റ് നിഷേധിച്ചെങ്കിലും ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത. മാണ്ഡ്യയില്‍ സിറ്റിംഗ് എംപിയായ സുമലത ഇക്കുറി അതേ സീറ്റില്‍ ബിജെപിക്ക് വേണ്ടി അങ്കത്തിനിറങ്ങുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മാണ്ഡ്യ സീറ്റ് എച്ച്‌ഡി കുമാരസ്വാമിക്ക് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും ബിജെപിക്കൊപ്പം തുടരാനാണ് സുമലത തീരുമാനിച്ചിരിക്കുന്നത്. മാണ്ഡ്യയില്‍ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു. 2019ല്‍ തന്നെ സഹായിച്ച ബിജെപിയെ 2023ല്‍ താൻ തിരികെ സഹായിച്ചു, ഇനിയും മോദിക്ക് പിന്തുണയുണ്ടാകും, ജെഡിഎസ്- ബിജെപി സഖ്യത്തിനും പിന്തുണ- സുമലത പറഞ്ഞു. മാണ്ഡ്യയില്‍ അനുയായികളുടെ യോഗത്തില്‍ ആണ് സുമലതയുടെ പ്രഖ്യാപനം.
2019ല്‍ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്ര എംപിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു സുമലത. എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭര്‍ത്താവ് അംബരീഷിന്‍റെ മരണത്തിന് പിന്നാലെയായിരുന്നു അന്ന് തെരഞ്ഞെടുപ്പ്. ജെഡിഎസിന് മുൻതൂക്കമുള്ള മണ്ഡലത്തില്‍ ജെഡിഎസ് നേതാവായ കുമാരസ്വാമിയുടെ മകൻ നിഖില്‍ ആയിരുന്നു അന്ന് മണ്ഡലത്തില്‍ ഏവരുടെയും മുഖ്യ എതിരാളി. നിഖിലിനെ തോല്‍പിക്കാൻ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് മണ്ഡലത്തില്‍ നിന്നതോടെ അത് സുമലതയുടെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു. ഇക്കുറി ബിജെപി സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജെഡിഎസ്- ബിജെപി സഖ്യം സുമലതയ്ക്ക് തിരിച്ചടിയായി. എങ്കിലും ബിജെപിക്കൊപ്പം തന്നെ ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സുമലത.