പത്തനംതിട്ട : പാനൂരിലെ ബോംബ് സ്ഫോടനത്തിലും തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട ഇഡി നടപടികളിലുമടക്കം പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ ജീവിതത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍ കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായി മരിച്ച ഷെറിന്റെ വീട്ടില്‍ പോയത്. മരണവീട്ടില്‍ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടില്‍ നടക്കുന്ന കാര്യമാണ്. വീട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു. പാനൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറ്റത്തോടും കുറ്റവാളികളോടും മൃതു സമീപനമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പാനൂരിലുണ്ടായ സ്ഫോടനം സാധാരണഗതിയില്‍ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കേരളത്തില്‍ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പാനൂര്‍ സംഭവത്തെ രഷ്ട്രീയമായി കാണേണ്ടതില്ല. കേസില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കൂടാതെ തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയത്. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയും അതിന്റെ ഭാഗമായാണ്. മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും. ഇമ്മാതിരി കളി കൊണ്ടൊന്നും നടക്കില്ലെന്നും പിണറായി തുറന്നടിച്ചു.