കൊല്ലം: കൊല്ലം പൂരം നടക്കുന്ന ആശ്രാമം മൈതാനത്ത് ഏതു സാഹചര്യത്തേയും നേരിടാന്‍ പര്യാപ്തമായ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇതിനായി പ്രത്യേകം ഇടമൊരുക്കാന്‍ പൂരം കമ്മിറ്റി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്കി. പവലിയന് നിര്‍മിക്കുന്നതിനൊപ്പം ദുരന്തനിവാരണത്തിന്റെ ഭാഗമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ കൂടി ഒരുക്കണം. സബ് കലക്ടര്‍ക്കാണ് മേല്‍നോട്ട ചുമതല.
അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടനടി സന്ദേശം കൈമാറുന്നതിനുള്ള സംവിധാനമുണ്ടാകും. ഇവ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലേക്ക് കൈമാറി തുടര്‍ നടപടി കൈക്കൊള്ളും.14, 15 തീയതികളില്‍ പൂര്‍ണമായി പ്രവര്‍ത്തനം നടത്തുംവിധമാണ് സജ്ജീകരണം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, അഗ്നിസുരക്ഷാസേന തുടങ്ങിയവയ്ക്കൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ചുമതല നല്‍കും എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.