കൊല്ലം : കേരളാ സ്റ്റോറി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുകയാണ്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് ഉദ്ദേശകാര്യങ്ങള്‍ നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആ കെണിയില്‍ വീഴാതിരിക്കുക. സംഘപരിവാർ അജണ്ടയുടെ ഭാഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ കഥയാണെന്നാണ് പറയുന്നത്. കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചത്. ഭാവനയിലെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഒരു നാടിനെ അവഹേളിച്ചുകൊണ്ട് പച്ച നുണയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തെ ഒരു വല്ലാത്ത അവമതിപ്പുള്ള സ്ഥലമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നല്ല രീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. ജാതി മത ഭേദമില്ലാതെ സർവരും ജിവിക്കുന്ന സ്ഥലം. നവേത്ഥാനകാലം തൊട്ട് അത്തരമൊരു നാട് വളർത്തിയെടുക്കാനാണ് നമ്മള് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.