ചെന്നൈ : ഡിഎംകെ മുൻ നേതാവും സിനിമാ നിർമ്മാതാവുമായ ജാഫർ സാദിഖ് ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഇഡി റെയ്ഡ്. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായി ആകെ 35 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ജാഫറിന്റെ ബിസിനസ് പങ്കാളിയും, സിനിമാ സംവിധായകനുമായ അമീറിന്റെ ഓഫീസുകളിലും പരിശോധനയുണ്ട്.
നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ജാഫർ അടക്കം 5 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കള്ളപ്പണ നിയമം ചുമത്തി ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2000 കോടി രൂപയുടെ ലഹരിക്കടത്തിന് ജാഫർ നേതൃത്വം നല്‍കിയെന്നാണ് എൻസിബി കണ്ടെത്തല്‍. ലഹരികടത്തിലൂടെ കിട്ടിയ പണം രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കിയെന്ന് ചില പ്രതികള്‍ മൊഴി നല്‍കിയതിനാല്‍ അന്വേഷണം ഡിഎംകെയിലേക്ക് എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രചാരണം.