ചെന്നൈ : ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് ഇന്ത്യൻ ടീമിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും മുൻ നായകനായ മഹേന്ദ്ര സിങ് ധോണി.എവിടെ കളിക്കാനിറങ്ങിയാലും അദ്ദേഹത്തിന് വേണ്ടി ശബ്ദമുയർത്താൻ ഗാലറിയില്‍ ആളുണ്ടാവും. ഐ.പി.എല്ലില്‍ ഓരോ മത്സരത്തിലും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ വൻ ആരവങ്ങളോടെയാണ് ആരാധകർ അദ്ദേഹത്തെ വരവേല്‍ക്കാറുള്ളത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിലാവുമ്പോള് അതിന് ശക്തി കൂടും.
തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയിക്കാൻ മൂന്ന് റണ്‍സ് വേണ്ടപ്പോഴാണ് ധോണി ബാറ്റിങ്ങിനായി ഇറങ്ങുന്നത്. ഇതോടെ ഗാലറിയില്‍ ഉച്ചത്തിലുള്ള വിസിലുകളും ആർപ്പുവിളികളും ഉയർന്നു. ഇത് സഹിക്കാനാവാതെ കൊല്‍ക്കത്തയുടെ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സല്‍ ഇരുചെവികളും പൊത്തിപ്പിടിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് പന്ത് നേരിട്ട ധോണി ഒരു റണ്‍സെടുത്ത് പുറത്താകാതെനിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ.പി.എല്ലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് രാജകീയമായി തുടങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനോട് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഒരുക്കിയ 138 റണ്‍സ് വിജയലക്ഷ്യം ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.
സൂക്ഷ്മതയോടെ കളിച്ച് ‘സെൻസിബിള്’ അർധസെഞ്ച്വറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദാണ് (58 പന്തില്‍ ഒമ്ബത് ഫോറടക്കം 67) ജയം എളുപ്പമാക്കിയത്.
നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയുടെയും 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ തുഷാർ ദേശ്പാണ്ഡെയുടെയും ബൗളിങ് മികവിലാണ് ചെന്നൈ കൊല്‍ക്കത്തയെ 137 റണ്‍സിലൊതുക്കിയത്. 32 പന്തില്‍ മൂന്ന് ഫോറടക്കം 34 റണ്‍സെടുത്ത നായകൻ ശ്രേയസ് അയ്യരായിരുന്നു കൊല്‍ക്കത്തയുടെ ടോപ് സ്കോറർ.