ഒരു സിനിമയ്ക്ക് 15 ലക്ഷം പ്രതിഫലം നൽകുന്ന ആൾക്ക് നൽകിയത് മൂന്ന് ലക്ഷം : ആ പൊതിയിൽ നിന്നും അദ്ദേഹം ഒരു ലക്ഷം തിരികെ നൽകി: ഗാന്ധിമതിയുടെ ജീവിതത്തിലെ അപൂർവ കഥ ഇങ്ങനെ

ചെന്നൈ : മുന്നിലൊരു ഹാർമോണിയവുമായി പുലിത്തോലില്‍ ചമ്രം പടിഞ്ഞിരുന്ന താപസതുല്യനായ മനുഷ്യനെ നിറകണ്ണുകളോടെ നോക്കിനിന്നു ഗാന്ധിമതി ബാലൻ.കർക്കശക്കാരനായ ഇളയരാജയ്ക്കുള്ളിലെ ‘പെരിയരാജ’യെ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു അദ്ദേഹം. സിനിമാജീവിതം സമ്മാനിച്ച ഹൃദയസ്പർശിയായ അനുഭവങ്ങളിലൊന്ന്. സ്വന്തം സിനിമയില്‍ സംഗീത സംവിധാനം നിർവഹിച്ചതിനുള്ള പ്രതിഫലം ഒരു പൊതിയിലാക്കി പ്രസാദ് സ്റ്റുഡിയോയിലെ മുറിയില്‍ ഇശൈജ്ഞാനിക്ക് മുന്നില്‍ കൊണ്ടുചെന്നു വെക്കുമ്ബോള്‍ പൊട്ടിത്തെറി പ്രതീക്ഷിച്ചതാണ് ‘മൂന്നാം പക്ക’ത്തിന്റെ നിർമ്മാതാവ്. ഒരൊറ്റ സിനിമക്ക് പതിനഞ്ച് ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നയാള്‍ക്ക് താൻ നല്‍കുന്ന ഈ മൂന്ന് ലക്ഷം രൂപ അപമാനകരമായി തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? ചെറിയ പ്രോജക്റ്റ്, ചുരുങ്ങിയ ചെലവില്‍ നിർമ്മിക്കുന്ന പടം, സാമ്ബത്തികപരിമിതി തുടങ്ങി ഒഴികഴിവുകള്‍ പലതുമുണ്ട് നിരത്താൻ. പക്ഷേ രാജാസാറിനെ പോലെ നിമിഷങ്ങള്‍ക്ക് പോലും പൊന്നുവിലയുള്ള ഒരു പ്രൊഫഷണല്‍ കലാകാരന്റെ പ്രതിഫലം അഞ്ചിലൊന്നാക്കി ചുരുക്കാനുള്ള ന്യായങ്ങളാവില്ലല്ലോ അവയൊന്നും.

Advertisements

എന്നാല്‍ ഗാന്ധിമതി ബാലൻ പ്രതീക്ഷിച്ചതല്ല നടന്നത്. മുന്നിലെ പണപ്പൊതിയിലേക്കും നിർമ്മാതാവിന്റെ മുഖത്തേക്കും മാറിമാറി നോക്കി ഇളയരാജ. പിന്നെ അതില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ കെട്ടെടുത്ത് ബാലന് നേരെ തിരികെ നീട്ടി, നേർത്തൊരു ചിരിയോടെ അദ്ദേഹം പറഞ്ഞു: ”ഈ തുക താങ്കളുടെ കയ്യില്‍ തന്നെയിരിക്കട്ടെ. ഇത്രയും മനോഹരമായ ഒരു സിനിമക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം എനിക്ക് ധാരാളം. സംഗീതസംവിധായകനായി എന്നെ നിശ്ചയിച്ചപ്പോള്‍ തന്നെ എനിക്കുള്ള പ്രതിഫലം നിങ്ങള്‍ തന്നു കഴിഞ്ഞു. ഇനി പടം വിജയിക്കാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം.” നിനച്ചിരിക്കാതെ വന്ന ആ പ്രതികരണം തന്നെ സ്തബ്ധനാക്കിയെന്ന് ബാലൻ. സിനിമാലോകത്ത് അത്തരം പ്രവൃത്തികള്‍ അന്നും ഇന്നും സർവസാധാരണമല്ലല്ലോ. നല്ല സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു തികഞ്ഞ കലാകാരനെയാണ് അന്ന് ഇളയരാജയില്‍ കണ്ടതെന്ന് ബാലൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘മൂന്നാം പക്ക’ത്തിന്റെ സംഗീത സംവിധായകനായി ഇളയരാജ തന്നെ വേണമെന്നത് സംവിധായകൻ പദ്മരാജന്റെ നിർബന്ധമായിരുന്നു. അനേകം വൈകാരിക മുഹൂർത്തങ്ങളുള്ള സിനിമയാണ്. ”കഥയുടെ അവസാനഘട്ടത്തില്‍ പേരക്കുട്ടിയുടെ മരണാനന്തരകർമ്മങ്ങള്‍ പൂർത്തിയാക്കിയ ശേഷം ബലിച്ചോറുമായി മുത്തച്ഛനായ തിലകൻ കടലിലേക്ക് നടന്നുനീങ്ങുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങളുടെ വികാരതീവ്രത പൂർണ്ണമായി ഉള്‍ക്കൊള്ളാനും പ്രേക്ഷകരിലേക്ക് പകരാനും രാജ സാറിന്റെ സംഗീതത്തിന് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചു പപ്പേട്ടൻ.”– ബാലൻ ഓർക്കുന്നു. എഡിറ്റർ ബി ലെനിൻ വഴിയാണ് ഇളയരാജയുമായി ബന്ധപ്പെട്ടത്. തമിഴില്‍ രാജയ്ക്ക് നിന്നു തിരിയാൻ പോലും കഴിയാത്തത്ര തിരക്കുള്ള സമയം. ഒരു കൊച്ചു മലയാള പടം ചെയ്യാൻ ആ തിരക്കിനിടെ അദ്ദേഹം തയ്യാറാകുമോ എന്നായിരുന്നു പദ്മരാജന്റെയും ബാലന്റെയും ശങ്ക. പക്ഷേ കഥ പറഞ്ഞുകേട്ടപ്പോള്‍ തന്നെ രാജ വികാരാധീനനായി. മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റ മനസ്സിനെ ആഴത്തില്‍ സ്പർശിച്ചതാണ് കാരണം. ”രാജാ സാറിന്റെ വൻ പ്രതിഫലം ഞങ്ങള്‍ക്ക് താങ്ങാനാകുമോ എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ സംശയം. എന്തായാലും വരുന്നിടത്ത് വെച്ച്‌ കാണാം എന്നായി പപ്പേട്ടൻ.” — ബാലൻ.

പ്രസാദ് സ്റ്റുഡിയോയില്‍ ഇളയരാജയെ ചെന്നു കണ്ടത് പദ്മരാജനും ബാലനും ചേർന്നാണ്. പശ്ചാത്തല സംഗീതത്തിന് പുറമെ രണ്ടു പാട്ടുകള്‍ കൂടി ചിട്ടപ്പെടുത്തേണ്ടി വരും എന്നറിഞ്ഞപ്പോള്‍ അതിനും രാജ തയ്യാർ. പക്ഷേ ഒരു പ്രശ്നമുണ്ട്. ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെ മൊണ്ടാഷിന്റെ പശ്ചാത്തലത്തിലാണ് പാട്ടുകള്‍ വരുക. ആ ദൃശ്യങ്ങള്‍ കണ്ടുവേണം ഈണം നിശ്ചയിക്കാൻ. സാധാരണഗതിയില്‍ അതിനൊന്നും ഇരുന്നുതരാത്തയാളാണ് ഇളയരാജ. പക്ഷേ ഇത്തവണ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല. പദ്മരാജൻ കേള്‍പ്പിച്ച കഥ അത്രകണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ തൊട്ടിരിക്കണം.

രണ്ടു പാട്ടുകളുണ്ട് ചിത്രത്തില്‍. രണ്ടും എഴുതുന്നത് ശ്രീകുമാരൻ തമ്ബി. അവയിലൊന്ന് യുവവാഗ്ദാനമായ ജി വേണുഗോപാലിന് നല്‍കണം എന്ന കാര്യത്തില്‍ നിർബന്ധമുണ്ടായിരുന്നു പദ്മരാജന്. രണ്ടാമത്തെ ഗാനം എം ജി ശ്രീകുമാറിനെ കൊണ്ട് പാടിക്കണമെന്ന് ഗാന്ധിമതി ബാലനും. ”എത്രയോ കാലമായി ശ്രീക്കുട്ടനുമായി അടുപ്പമുണ്ട്. ഞാൻ വിതരണത്തിനെടുത്ത പടങ്ങളില്‍ പലതിലും അദ്ദേഹം ഹിറ്റ് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും എന്റെ സ്വന്തം പടത്തില്‍ അതുവരെ ഒരു അവസരം കൊടുക്കാൻ സാധിച്ചിട്ടില്ല. ഭാഗ്യവശാല്‍ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല രാജാ സാർ.” താമരക്കിളി പാടുന്നു തെയ് തെയ് തക തോം എന്ന പാട്ട് ചിത്രയോടൊപ്പം ശ്രീകുമാർ പാടുന്നത് അങ്ങനെയാണ്. ഇളയരാജയുടെ ശബ്ദസാന്നിധ്യവുമുണ്ട് ഇതേ ഗാനത്തില്‍; ഒരു വായ്ത്താരിയുടെ രൂപത്തില്‍.

‘ഉണരുമീ ഗാനം’ എന്ന പാട്ട് വേണുഗോപാലിന് ആ വർഷത്തെ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. രണ്ടു ഗാനങ്ങളുടെയും ദൃശ്യങ്ങള്‍ ഇളയരാജ കണ്ടത് കോടമ്ബാക്കത്തെ എം എം സ്റ്റുഡിയോയില്‍ ഇരുന്നായിരുന്നു എന്നോർക്കുന്നു ബാലൻ. ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ ഗാനസൃഷ്ടിക്ക്. ”റീ റെക്കോഡിംഗ് വേളയില്‍ പലപ്പോഴും രാജാ സാർ വികാരഭരിതനായി. അതീവ സൂക്ഷ്മതയോടെയാണ് ഓരോ സീനിനും ആവശ്യമായ സംഗീതം അദ്ദേഹം രൂപപ്പെടുത്തിയത്. സംഗീതം കൊണ്ട് ദൃശ്യങ്ങളെ നിഷ്പ്രഭമാക്കാനല്ല, അവയെ കൂടുതല്‍ ദീപ്തമാക്കാനാണ് രാജ സാർ ശ്രമിച്ചത്. മിതത്വമായിരുന്നു ആ ശൈലിയുടെ മുഖമുദ്ര. നിശബ്ദത വേണ്ടിടത്ത് നിശബ്ദത മാത്രം. ആ സിനിമയുടെ വിജയത്തില്‍ പശ്ചാത്തല സംഗീതത്തിന് നല്ലൊരു പങ്കുണ്ട് എന്നു പറയാതിരിക്കാൻ വയ്യ.”

അതിനും നാല് വർഷം മുൻപ് ഗാന്ധിമതി ഫിലിംസ് വിതരണത്തിനെടുത്ത ‘മംഗളം നേരുന്നു’ എന്ന ചിത്രത്തില്‍ സംഗീതസംവിധായകനായി ഇളയരാജ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ ബാലന് ഭാഗ്യമുണ്ടായത് ‘മൂന്നാം പക്ക’ത്തിന്റെ നിർമ്മാണ വേളയിലാണ്. ഇളയരാജ സൗമനസ്യത്തോടെ തിരിച്ചുനല്‍കിയ തുകയുമായി പ്രസാദ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോരുമ്ബോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നവെന്ന് ബാലൻ. രാജയുടെ മുൻകോപത്തെക്കുറിച്ചും ധാർഷ്ട്യത്തെ കുറിച്ചും പ്രതിഫലക്കാര്യത്തിലെ കാർക്കശ്യത്തെ കുറിച്ചുമൊക്കെ പലരും സംസാരിച്ചുകേള്‍ക്കുമ്ബോള്‍ ബാലന് ഓർമ്മ വരിക ആ പഴയ അനുഭവമാണ്. ”ഞാനറിയുന്ന രാജസാർ അടിയുറച്ച കലാസ്നേഹിയായിരുന്നു; മനുഷ്യ സ്നേഹിയും.”

”എത്രയോ സിനിമകള്‍ നിർമ്മിച്ചു, ചിലതിലൊക്കെ നിർമ്മാണ പങ്കാളിയായി. മറ്റു ചിലവ വിതരണത്തിനെടുത്തു. ലാഭവും നഷ്ടവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ എന്ന് എന്നെ പഠിപ്പിച്ചത് സിനിമാജീവിതമാണ്. തിരിഞ്ഞുനോക്കുമ്ബോള്‍ സിനിമയില്‍ നിന്നുള്ള എന്റെ ഏറ്റവും വലിയ സമ്ബാദ്യം പണമോ പദവിയോ ഒന്നുമല്ല. അമൂല്യമായ കുറെ സൗഹൃദങ്ങളാണ് എന്ന് തിരിച്ചറിയുന്നു ഞാൻ. നമുക്കൊന്നും കയ്യെത്തിപ്പിടിക്കാൻ പോലും പറ്റാത്ത ഉയരങ്ങളില്‍ നില്‍ക്കുന്ന എത്രയോ പ്രതിഭാശാലികളെ പരിചയപ്പെടാൻ പറ്റി. അവരുടെ സൗഹൃദ നിമിഷങ്ങളുടെ ഭാഗമാകാനും. ഈശ്വരന് നന്ദി..”– ഗാന്ധിമതി ബാലന്റെ വാക്കുകളില്‍ മാഞ്ഞുപോയൊരു കാലത്തിന്റെ സ്നേഹസുരഭിലമായ ഓർമ്മകള്‍ വന്നു നിറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.