തൃശൂർ : സ്ക്രാപ്പ് നൽകാമെന്നു വിശ്വസിപ്പിച്ച് മിണാലൂർ സ്വദേശിയായ യുവാവിൽ നിന്നും ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിപ്പുനടത്തിയ മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി ഈസ്റ്റ് ഹുഡ്ഗേശ്വർ രുഗ്മിണി മാതാനഗറിലെ നീൽകമൽ ഹൌസിങ്ങ് സൊസൈറ്റിയിൽ താമസിക്കുന്ന സുഭാഷ് ദയാറാം ലംബട്ട് (61) ആണ് പോലീസിൻെറ പിടിയിലായത്.
2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പരാഗ് സെയിൽസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിൽ നിന്നും എഗ്രിമെൻറ് പ്രകാരം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് മിണാലൂർ സ്വദേശിയുടെ കയ്യിൽ നിന്നും തട്ടിപ്പുനടത്തിയത്. പ്രതി ഗോവയിലെ ന്യൂ സുവാരി ബ്രിഡ്ജിൻെറ വർക്ക് സൈറ്റ് കാണിച്ച്കൊടുത്ത് സ്ക്രാപ്പുകൾ തൻെറ ഉടമസ്ഥതയിലുള്ള പരാഗ് സെയിൽസ് കോർപ്പറേഷൻെറതാണെന്ന് മിണാലൂർ സ്വദേശിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പണം നൽകിയതിനു ശേഷം സ്ക്രാപ്പ് ലഭിക്കാതെവരികയും, തുക തിരികെ ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പിനെകുറിച്ച് പരാതിക്കാരന് മനസ്സിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീടു വിശദമായ അന്വേഷണം നടത്തിയ സിറ്റി ക്രൈം ബ്രാഞ്ചിലെ അന്വേഷണ സംഘം പ്രതി മഹാരാഷ്ട്രയിലാണെന്ന് കണ്ടെത്തുകയും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻെറ നിർദ്ദേശപ്രകാരം അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെടുകയും ചെയ്തു. അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള താമസസ്ഥലത്തുനിന്നും പ്രതിയെ പിടികൂടിയത്.
സി ബ്രാഞ്ച് എ.സി.പി ആർ മനോജ് കുമാറിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സന്തോഷ് കെ. എസ്, സുധീപ്, വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ്, റൂബിൻ ആൻറണി, സൈബർ സെല്ലിലെ നിധിൻ എന്നിവരാണ് ഉണ്ടായിരുന്നത്.