പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് 12ന് ആരംഭിക്കും. പതിവ് തിരുവാഭരണ പാത വഴി തന്നെയാണ് ഘോഷയാത്ര ഇത്തവണയും കടന്നുപോകുക. ആവശ്യമായിടത്ത് വെളിച്ചം, മറ്റു ക്രമീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പന്തളത്ത് അവലോകന യോഗം ചേര്‍ന്നിരുന്നു. തിരുവാഭരണ ഘോഷയാത്ര ഏറ്റവും പ്രൗഢിയോടെയും ചിട്ടയോടെയും സംഘടിപ്പിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പേട്ട തുള്ളലും പമ്പാ സദ്യയുമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പേട്ടതുള്ളലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എരുമേലിയില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നിരുന്നു.
സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളില്‍, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇതുവരെ തീര്‍ത്ഥാടനകാലം മികച്ച സൗകര്യങ്ങളോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. മകരവിളക്കിന് ശേഷം ജനുവരി 15 മുതല്‍ 19 വരെ അയ്യപ്പഭക്തര്‍ പ്രത്യേകിച്ചും മലയാളികള്‍ കൂടുതലായി സന്നിധാനത്ത് എത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങളും എടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് കരുതല്‍ ശേഖരത്തിലുണ്ട്. ആന്ധ്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാര്യമായി ഇല്ലാത്തതിനാല്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നത് അവിടെ നിന്നാണ്. കൂടാതെ തീര്‍ഥാടകര്‍ക്ക് താമസസൗകര്യത്തിനായി അഞ്ഞൂറോളം മുറികളും നിലവിലുണ്ട്. മകര വിളക്ക് ഉത്സവത്തിനായി നട തുറന്നതിനു ശേഷം എട്ടാംദിവസം പൂര്‍ത്തിയാക്കുമ്പോള്‍ 25 കോടി 18 ലക്ഷം രൂപ നടവരവായി ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഈ സീസണില്‍ 110 കോടി രൂപയുടെ നടവരവ് ഉണ്ടായതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.