ദില്ലി : ദില്ലി ഗ്രേറ്റർ നോയിഡയില്‍ അമിത വേഗതയിലെത്തിയ കാർ ബൈക്കില്‍ ഇടിച്ച് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിന് സമീപം അർധരാത്രിക്ക് ശേഷമായിരുന്നു സംഭവം. സഹോദരിമാർക്കൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേന്ദ്ര എന്ന യുവാവിന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. നാല് പേരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. പാരി ചൗക്കിന് സമീപം സ്പീഡ് ബ്രേക്കറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു. ഇതിനിടയില്‍ അമിതവേഗതയില്‍ വന്ന കാർ മോട്ടോർ ബൈക്കില്‍ ഇടിച്ചു.
ആശുപത്രിയില്‍വെച്ചാണ് മൂന്ന് പേരും മരിച്ചത്. നോയിഡയിലെ കുലേസരയില് നിന്ന് 17 കിലോമീറ്റർ അകലെയുള്ള കസ്നയില് നിന്നാണ് ഇവർ മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയിലെത്തിയ കാർ മോട്ടോർ സൈക്കിളില്‍ ഇടിച്ച ശേഷം പരിക്കേറ്റവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ ഇടിച്ച വാഹനം തിരിച്ചറിയാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല, വാഹനം കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.