കോയമ്പത്തൂർ: രാത്രി 10മണിക്ക് ശേഷവും പ്രചാരണം നടത്തിയതിനു തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്ബത്തൂരിലെ സ്ഥാനാർഥിയുമായ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. പ്രചാരണ സമയം സംബന്ധിച്ച ചട്ടം ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി കോയമ്ബത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തില്‍ കുമാർ എന്നിവർക്കെതിരെയും കോയമ്ബത്തൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആവാരം പാളയത്ത് വച്ച് നടന്ന പ്രചാരണത്തിനെതിരെയാണ് പരാതി ലഭിച്ചത്. സമയ പരിധി അവസാനിച്ച ശേഷമുള്ള പ്രചാരണം ബിജെപി, ഇന്ത്യാ മുന്നണി പ്രവർത്തകർ തമ്മില്‍ കയ്യേറ്റമുണ്ടാകാൻ കാരണമായിരുന്നു.
കയ്യേറ്റത്തില്‍ ഇന്ത്യാ മുന്നണി പ്രവർത്തകൻ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ഇതിനെ പിന്നാലെയാണ് ഇന്ത്യാ മുന്നണി അണ്ണാമലൈയ്ക്ക് എതിരെ പരാതി നല്‍കിയത്. അണ്ണാമലൈയുടെ പ്രചാരണം നടക്കുന്ന സമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. എന്നാല്‍ 10 മണിക്ക് ശേഷം വോട്ട് ചോദിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നാണ് അണ്ണാമലൈ പ്രതികരിക്കുന്നത്. ലൌഡ് സ്പീക്കർ അടക്കമുള്ളവ ഉപയോഗിച്ചുള്ള പ്രചാരണത്തിനാണ് വിലക്കുള്ളതെന്നായിരുന്നു ധാരണയെന്നുമാണ് അണ്ണാമലൈ വിശദമാക്കുന്നത്.