മുംബൈ : തലയടിച്ചു വീണ മുംബൈയുടെ പതിരിളക്കി ചെന്നൈ. ധോണിയുടെ ഹാട്രിക് സിക്സിൽ 200 കടന്ന ചെന്നൈക്ക് ബൗളിങ്ങിൽ വിജയം. മൂന്ന് പന്തിനിടെ ഇഷാൻ്റെയും സൂര്യയുടെയും അടക്കം രണ്ടു വിക്കറ്റ് വീഴ്ത്തുകയും, നാലോ ഓവറിൽ മുംബൈയെ വരിഞ്ഞ് കെട്ടി നാലു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത പതിരണയാണ് ചെന്നൈയുടെ വിജയശില്പി. പുറത്താകാതെ നിന്ന രോഹിത് ശർമ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ടോസ് നേടിയ മുംബൈ ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ് വെടിക്കെട്ടിലും എം എസ് ധോണി ഫിനിഷിംഗിലും മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്കോറുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ശിവം ദുബെ (38 പന്തില്‍ 66), റുതുരാജ് ഗെയ്ക്വാദ് (40 പന്തില്‍ 69) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ നാല് പന്ത് നേരിടാനെത്തിയ എം എസ് ധോണി ഹാട്രിക് സിക്സുകള്‍ സഹിതം 4 പന്തില്‍ പുറത്താവാതെ 20 റണ്‍സ് എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കമേ പാളി. ഓപ്പണറുടെ റോളില്‍ ഇറങ്ങി 8 പന്തില്‍ അഞ്ച് റണ്‍സെടുത്ത് നില്‍ക്കേ അജിങ്ക്യ രഹാനെയെ പേസര്‍ ജെറാള്‍ഡ് കോര്‍ട്സ്യ മിഡ്ഓണില്‍ നായകന് ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. ഇതിന് ശേഷം രചിന് രവീന്ദ്ര- റുതുരാജ് ഗെയ്ക്വാദ് കൂട്ടുകെട്ട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ പവര്‍പ്ലേയില്‍ 48-1ലെത്തിച്ചു. എട്ടാം ഓവറില്‍ രചിനെ (16 പന്തില്‍ 21) വിക്കറ്റിന് പിന്നില്‍ ഇഷാന് കിഷന്റെ കൈകളില്‍ ഭദ്രമാക്കി സ്പിന്നര്‍ ശ്രേയാസ് ഗോപാല്‍ അടുത്ത ബ്രേക്ക്ത്രൂ നേടി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദ്- ശിവം ദുബെ സഖ്യം തകര്‍ത്തടിച്ച് ചെന്നൈയെ 15 ഓവറില്‍ 149-2 റണ്‍സ് എന്ന ശക്തമായ നിലയിലാക്കി.
16-ാം ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ, റുതുവിന് മടക്ക ടിക്കറ്റ് കൊടുത്തതോടെ മറ്റൊരു ട്വിസ്റ്റ്. 40 പന്തില്‍ അഞ്ച് വീതം ഫോറും സിക്സറും പറത്തി റുതുരാജ് 69 റണ്‍സെടുത്തു. ഫിനിഷറായി ഒരിക്കല്‍ക്കൂടി കാര്യമായി സംഭാവന ചെയ്യാന്‍ കഴിയാതെ പോയ ഡാരില്‍ മിച്ചലിനെ (14 പന്തില്‍ 17) അവസാന ഓവറിലെ രണ്ടാം പന്തില്‍ പാണ്ഡ്യ മുഹമ്മദ് നബിയുടെ കൈകളില്‍ എത്തിച്ചു. അവസാന നാല് പന്ത് നേരിടാന്‍ ക്രീസിലെത്തിയ എം എസ് ധോണിയാവട്ടെ 6, 6, 6, 2 അടിച്ച് ചെന്നൈക്ക് സൂപ്പര്‍ ഫിനിഷിംഗ് ഒരുക്കി. ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറില്‍ 26 റണ്‍സാണ് ധോണിക്കരുത്തില്‍ സിഎസ്കെ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ഇഷാനും (23) രോഹിത്തും ( പുറത്താകാതെ 105) ചേർന്നു നൽകിയത്. ഏഴാം ഓവറിൽ ഇഷാൻ പുറത്താകുമ്പോൾ പത്തു റൺ ശരാശരി 70 റൺ കൂട്ടിച്ചേർത്തിരുന്നു മുംബൈ ഓപ്പൺമാർ. ഇഷാൻ പുറത്തായതിനുശേഷം എത്തിയ സൂര്യ രണ്ടാം പന്തിൽ റൺ എടുക്കും മുമ്പ് പുറത്തായത് മുംബൈയ്ക്ക് വൻ തിരിച്ചടിയായി. കൊമ്പൻ സ്കോറിനെ ചെയ്യുമ്പോൾ തിലക് വർമ്മയും (21) പൊരുതി , ടിം ഡേവിഡും (13) നോക്കിയെങ്കിലും പാണ്ഡ്യ (2) , ഷെപ്പേർഡ് (1) എന്നിവർ നിരാശപ്പെടുത്തി. പതിരണ ചെന്നൈയ്ക്കായി നാലു വിക്കറ്റ് നേടിയപ്പോൾ, മുഷ്ഫി ക്കറും ദേശ്പാണ്ഡയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.