സുളൂർ: രാത്രി 10 മണിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ കെ അണ്ണമലയും കോയമ്ബത്തൂർ പൊലീസും തമ്മില്‍ തർക്കം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയപരിധിക്ക് ശേഷം പ്രചാരണം അനുവദിക്കില്ലെന്ന് പൊലീസ് കടുത്ത നിലപാടെടുത്തതാണ് അണ്ണാമലൈയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസവും 10 മണിക്ക് ശേഷമുള്ള പ്രചരണത്തിന് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രി സുളൂരിന് സമീപം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് പൊലീസ് തടഞ്ഞത്. രാത്രി പത്തരയോടെ ചിന്താമണി പുതൂർ നിന്നും ഒണ്ടിപുതൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അണ്ണാമലൈയെയും സംഘത്തേയും പൊലീസ് സംഘം തടയുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷമുള്ള പ്രചാരണം മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. ഇതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസുമായി വാക്കേറ്റത്തില്‍ ഏർപ്പെടുകയുമായിരുന്നു.
ഇതിന് ശേഷവും അനുമതി ലഭിക്കാതെ വന്നതോടെ അണ്ണാമലെ പ്രചാരണ വാഹനത്തില്‍ നിന്ന് ഇറങ്ങുകയും പൊലീസ് ഉദ്യോഗസ്ഥരോടെ തർക്കിക്കുകയുമായിരുന്നു. ചട്ട വിരുദ്ധമായ കാര്യത്തിനാണ് അനുമതിയില്ലാത്തതെന്ന് പൊലീസ് നിലപാട് ശക്തമാക്കിയതിന് പിന്നാലെ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതോടെ ഒണ്ടിപുതൂർ മേഖലയില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫ്ലെയിംഗ് സ്ക്വാഡിന് ലഭിച്ച പരാതി അനുസരിച്ച് സുളൂർ പൊലീസ് അണ്ണാമലൈയ്ക്കും മറ്റ് 300 പേർക്കുമെതിരെ കേസ് എടുക്കുകയായിരുന്നു.