മലയാള സിനിമയ്ക്കിത് സുവർണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കണ്ടന്റിലും മേക്കിങ്ങളും കസറിയ മലയാള സിനിമ കോടി ക്ലബ്ബുകളെല്ലാം കയ്യെത്തും ദൂരത്ത് ആക്കി കഴിഞ്ഞു. എന്തിനേറെ 200 കോടി ക്ലബ് എന്ന ഖ്യാതിയും മോളിവുഡിന് സ്വന്തമായി. ഈ ഹിറ്റിന് തുടക്കമിട്ടത് പ്രേമലു ആണ്. വലിയ ഹൈപ്പോ മുൻവിധികളോ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ് കണ്ട് അമ്പരന്നവരും അഭിമാനിച്ചവരുമാണ് ഏറെ സിനിമാസ്വാദകരും.
കേരളത്തിന് പുറമെ ഇതര നാടുകളിലും പ്രേമലു സിനിമ കസറി. നസ്ലെൻ ആയിരുന്നു ചിത്രത്തിലെ നായകൻ. മമിത ബൈജു നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡി ആണ്. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിലെ ആദ്യമായി 100 കോടി ക്ലബ്ബില്‍ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലെൻ മാറുക ആയിരുന്നു. വിജയഭേരി മുഴക്കിയ തിയറ്റർ റണ്ണിന് പിന്നാലെ ഏപ്രില്‍ 12ന് പ്രേമലു ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ പ്രേമലുവിന്റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്.