മുംബൈ : ടി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകള്‍ വിശ്വസിക്കരുതെന്ന് ഹിറ്റ്മാൻ.രോഹിത്തും പരിശീലകൻ രാഹുല്‍ ദ്രാവിഡും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും തമ്മില്‍ ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേള്‍ക്കുന്നതെല്ലാം വ്യാജമാണെന്ന് രോഹിത് അറിയിച്ചു.
ഏതാനും ദിവസങ്ങളായി പലവിധ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടീമില്‍ പരിചയസമ്ബന്നരായ താരങ്ങള്‍ക്ക് മുൻതൂക്കം ലഭിക്കും, ഓപ്പണിങ്ങില്‍ രോഹിത് ശർമക്കൊപ്പം സൂപ്പർ താരം വിരാട് കോഹ്ലിയെ പരീക്ഷിക്കും, ഇങ്ങനെ പോകുന്നു റിപ്പോർട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞയാഴ്ച മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്ത് ലോകകപ്പ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രോഹിത്തും പരിശീലകൻ രാഹുല്‍ ദ്രാവിഡും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും കൂടിക്കാഴ്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാല്‍, പുറത്തുവരുന്ന വാർത്തകളെല്ലാം വ്യാജമാണെന്നാണ് രോഹിത് പറയുന്നത്. പുറത്തുവരുന്ന അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്നും ഹിറ്റ്മാൻ ആരാധകരോട് ആവശ്യപ്പെട്ടു.
അഗാർക്കർ ദുബൈയില്‍ ഗോള്‍ഫ് കളിക്കുകയാണെന്നും ദ്രാവിഡ് ബംഗളൂരുവില്‍ മകന് ക്രിക്കറ്റ് പരിശീലനം നല്‍കുകയാണെന്നും രോഹിത് വ്യക്തമാക്കി. ‘ഞാൻ ആരെയും കണ്ടിട്ടില്ല. അജിത് അഗാർക്കർ ദുബൈയില്‍ എവിടെയോ ഗോള്‍ഫ് കളിക്കുന്നുണ്ട്. രാഹുല്‍ ദ്രാവിഡ് ബംഗളൂരുവില്‍ മകന്റെ കളി കാണുകയാണ്. ഞാനോ, ദ്രാവിഡോ, അജിത്തോ, ബി.സി.സി.ഐയുമായി ബന്ധപ്പെട്ട ആരെങ്കിലുമോ പറയാത്ത കാര്യങ്ങളെല്ലാം വ്യാജമാണ്’ -രോഹിത് പറഞ്ഞു. ജൂണില്‍ യു.എസിലും വെസ്റ്റിൻഡീസിലുമായാണ് ടി ട്വന്റി ലോകകപ്പ് നടക്കുന്നത്. ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയതി മേയ് ഒന്നാണ്.
ഹാർദിക് പാണ്ഡ്യ ഐ.പി.എല്ലില്‍ സ്ഥിരതയോടെ പന്തെറിഞ്ഞാല്‍ മാത്രമേ താരത്തെ ലോകകപ്പ് സ്ക്വാഡിലേക്ക് എടുക്കുകയുള്ളുവെന്നും ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ കർശന നിർദേശം നല്‍കിയിരുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോകകപ്പിനു ഒരു മാസം മുമ്പായി 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. കൂടാതെ, അഞ്ച് സ്റ്റാൻഡ് ബൈ താരങ്ങളെയും ഉള്‍പ്പെടുത്താനാകും.