കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്‌ലിയുടെ ഔട്ട് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം. നന്നായി കളിച്ചുവന്ന കോഹ്‌ലിയുടെ വിക്കറ്റ് റോയൽ ചലഞ്ചേഴ്സ് ആരാധകരെ അത്ഭുതപ്പെടുത്തി. ഹർഷിത് റാണയുടെ ഫുൾഡോസ് നോബോൾ എന്ന് കരുതി തട്ടിയിടാൻ താരം ശ്രമിച്ചു. പക്ഷേ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത് ഹർഷിത് റാണയുടെ കൈകളിലെത്തി. അമ്പയർ നോബോൾ വിളിക്കാതിരുന്നതോടെ കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ റിവ്യൂവിലും പന്ത് സ്റ്റമ്പിന് മുകളിൽ പോകില്ലെന്നായിരുന്നു ഗ്രാഫിക്സിൽ തെളിഞ്ഞത്. താരത്തിനെതിരെ അമ്പയർ സംഘം പ്രവർത്തിച്ചുവെന്നാണ് ആരാധക സംഘത്തിന്റെ പ്രതികരണം. എന്നാൽ കോഹ്‌ലിയുടെ പുറത്താകൽ ഐസിസി നിയമത്തിന്റെ പരിധിയിലെന്നാണ് മറ്റൊരു വാദം.
ഐസിസി നിയമപ്രകാരം ക്രീസിൽ നിവർന്നുനിൽക്കുന്ന ബാറ്ററുടെ അരക്കെട്ടിന് മുകളിൽ പിച്ച് ചെയ്യാതെ കടന്നുപോകുന്നതായ ഏതൊരു പന്തും, ബാറ്റർക്ക് ശാരീരിക പരിക്കേൽപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും, അത് അന്യായമായി കണക്കാക്കേണ്ടതാണ്. ബൗളർ അത്തരമൊരു പന്ത് എറിയുകയാണെങ്കിൽ, അമ്പയർ ഉടൻ തന്നെ നോ ബോൾ സിഗ്നൽ നൽകണം.കോഹ്‌ലി ക്രീസിന് പുറത്തുനിന്നാണ് പന്തിനെ നേരിട്ടത്. തേർഡ് അമ്പയർ പരിശോധനയിൽ കോഹ്‌ലിയുടെ അരക്കെട്ടിന് ഒപ്പമാണ് പന്ത്. താരം ക്രീസിനുള്ളിലായിരുന്നെങ്കിൽ പന്ത് അരക്കെട്ടിന് താഴെ പോകുമെന്ന് വിധിക്കപ്പെടുന്നു. ഇതാണ് താരത്തിന്‍റെ പുറത്താക്കലിന് വഴിവെച്ചത്.