കൊൽക്കത്ത: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ ആവേശപ്പോരിൽ കൊൽക്കത്ത ഒരു റണ്ണിന്റെ വിജയം നേടി. കൊൽക്കത്ത ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം പിന്തുർന്ന ബെംഗളൂരു 221 റൺസിന് ഓൾ ഔട്ടായി. പക്ഷേ മത്സരത്തിൽ ശക്തമായ പോരാട്ടം ബെംഗളൂരു കാഴ്ചവെച്ചു. അതിന് സഹായമായത് റോയൽ ചലഞ്ചേഴ്സ് ബാറ്റർമാരെക്കാൾ കൊൽക്കത്തയുടെ ഒരു ബൗളറാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ 24.50 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ താരം. പല മത്സരങ്ങളിലും 50 മുകളിലാണ് ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ വിട്ടുകൊടുക്കുന്ന റൺസ്. ഇന്നും ആ പതിവിന് മാറ്റമുണ്ടായില്ല. ഇത്തവണ 55 റൺസ് വഴങ്ങാൻ മിച്ചൽ സ്റ്റാർക്കിന് മൂന്ന് ഓവർ മതിയായിരുന്നു.
മത്സരത്തിൽ കൊൽക്കത്ത ജയിച്ചെന്ന് കരുതി അവസാന ഓവർ സ്റ്റാർകിന് നൽകി. പക്ഷേ ഇത്തവണ കരൺ ശർമ്മയുടെ വെടിക്കെട്ടിനാണ് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. മൂന്ന് തവണ കരൺ ശർമ്മയുടെ വകയായി സ്റ്റാർക് ബൗണ്ടറിക്ക് മുകളിലൂടെ പറന്നു. പക്ഷേ അഞ്ചാം പന്തിൽ കരണിനെ സ്വന്തം ബൗളിംഗിൽ പിടികൂടാനായത് സ്റ്റാർകിന് ആശ്വാസമായി. അല്ലായിരുന്നുവെങ്കിൽ മത്സരം തന്നെ കൊൽക്കത്തയ്ക്ക് കൈവിട്ടുപോയേനെ.