ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ യുവതാരം യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ഒന്‍പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുമ്പോള്‍ ഓപ്പണറായ ജയ്സ്വാള്‍ 60 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. സീസണില്‍ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറിയാണിത്. ഏഴ് സിക്സുകളും ഒന്‍പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ടൂര്‍ണമെന്റില്‍ ആദ്യത്തെ ഏഴ് മത്സരങ്ങളിലും നിറം മങ്ങിയ യശസ്വി ജയ്സ്വാള്‍ മാച്ച് വിന്നിങ് സെഞ്ച്വറി നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മത്സരശേഷം തന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ജയ്സ്വാള്‍. മോശം പ്രകടനം നടത്തിയിട്ടും തന്നില്‍ വിശ്വാസം അര്‍പ്പിച്ച രാജസ്ഥാന് നായകന് സഞ്ജു സാംസണിന് ജയ്സ്വാള്‍ നന്ദി പറയുകയും ചെയ്തു.ഞാന്‍ ഇന്നത്തെ മത്സരം തുടക്കം മുതലേ ആസ്വദിച്ചുവെന്ന് കരുതുന്നു. പന്ത് ശരിയായി നിരീക്ഷിക്കുകയും ഷോട്ടുകള്‍ കളിക്കുകയും ചെയ്യാന്‍ എനിക്ക് സാധിച്ചു. ചില ദിവസങ്ങള്‍ കഠിനമാണ്. ചില ദിവസങ്ങള്‍ നല്ലതാണ്. മത്സരം ആസ്വദിച്ചു കളിക്കുക മാത്രമാണ് ഇന്ന് ഞാന്‍ ചെയ്തത്. എന്റെ മനസ്സില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല’, മത്സരശേഷം ജയ്സ്വാള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്റെ എല്ലാ സീനിയേഴ്സിനോടും ഞാന്‍ നന്ദി പറയുന്നു. ഈ എട്ട് മത്സരങ്ങളിലും അവര്‍ എന്നെ നയിച്ച രീതി അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും സഞ്ജു ഭായി എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്തു. അദ്ദേഹത്തിനും സങ്കക്കാര സാറിനും രാജസ്ഥാന് റോയല്‍സ് ടീം മാനേജ്മെന്റിനും നന്ദി. എന്നെ വിശ്വസിച്ച് എല്ലാ അവസരങ്ങളും നല്‍കിയതിനും പരിശീലന സെഷനുകളിലും ഞാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നന്ദി’, ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.