കറുകച്ചാലിലെ വൈഫ് സ്വാപ്പിംങ്: പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി; സംഭവത്തിനു പിന്നിൽ പരാതിക്കാരുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രം; കേസെടുത്തത് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മാത്രം; കപ്പിൾ സ്വാപ്പിംങിൽ കേസെടുക്കാൻ പൊലീസിനുമാവില്ല

കോട്ടയം: കറുകച്ചാലിലെ വൈഫ് സ്വാപ്പിംങിനു പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി. സംഭവത്തിനു പിന്നിൽ പരാതിക്കാരിയുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രമാണെന്നു പൊലീസ് പറയുന്നു. വൈഫ് സ്വാപ്പിംങ് വിഷയത്തിൽ ഒൻപത് പ്രതികളെയാണ് പൊലീസ് സംഘം തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ഒൻപത് പേർക്കൊപ്പം ഇവരിൽ നാലു പേരുടെ ഭാര്യമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പരസ്പര സമ്മതത്തോടെയുള്ള ഇവരുടെ ബന്ധത്തിന്റെ പേരിൽ പൊലീസിനു കേസെടുക്കാനാവില്ലെന്നാണ് പൊലീസിനു ലഭിച്ച നിയമോപദേശം.

Advertisements

നിലവിൽ കേസിൽ ഒരു പരാതിക്കാരി മാത്രമാണ് ഉള്ളത്. ഇവരെ ഭർത്താവ് നിർബന്ധപൂർവം ഒൻപത് പേർക്കു കാഴ്ച വച്ചുവെന്നാണ് പരാതി. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ മറ്റു സ്ത്രീകൾക്ക് ആർക്കും നിലവിൽ പരാതിയില്ല. അതുകൊണ്ടു തന്നെ ഇവർ സമ്മതത്തോടെയാണ് വൈഫ് സ്വാപ്പിംങിൽ പങ്കെടുത്തതെന്നാണ് പൊലീസ് കണക്കു കൂട്ടുന്നത്. ഈ സാഹചര്യത്തിൽ യുവതികളുടെ പരാതിയില്ലാതെ വൈഫ് സ്വാപ്പിംങ് വിഷയത്തിൽ ഒന്നും ചെയ്യാനും പൊലീസിന് ആകില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി കൈമാറ്റം അടക്കമുള്ള കാര്യങ്ങൾ ഈ വൈഫ് സ്വാപ്പിംങിന്റെ ഭാഗമായി നടന്നിട്ടുണ്ട് എന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ കാര്യത്തിൽ അടക്കം പൊലീസിനു ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. നിലവിൽ ഒരു പരാതിക്കാരിയുണ്ടെങ്കിലും, അറസ്റ്റിലായ പ്രതികളുടെ ഭാര്യമാരിൽ നിന്നും പരാതി ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്തിയാൽ പോലും പരാതിയുണ്ടോ എന്ന് പൊലീസിനു ചോദിക്കാനും സാധിക്കില്ല. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടാത്തതിനാൽ വിഷയത്തിൽ മറിച്ചുള്ള നടപടികളൊന്നും പൊലീസിനു സ്വീകരിക്കാനും സാധിക്കുന്നില്ല.

നിലവിൽ ഒരാളുടെ പരാതി മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും, ഈ പരാതിയുടെ പുറത്താണ് ബലാത്സംഗത്തിന് കേസെടുത്തതെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ഈ വിഷയത്തിൽ മറ്റുള്ള ഒരാളുടെ പോലും പരാതി ലഭിച്ചിട്ടില്ല. വിഷയത്തിനു പിന്നിൽ സെക്‌സ് റാക്കറ്റുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടുമില്ല. വൈഫ് സ്വാപ്പിംങ് അടക്കമുള്ളത് നിയമവിരുദ്ധമായ കാര്യമായി കണ്ടെത്തിയിട്ടില്ല. ഏതെങ്കിലും സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാനാവൂ എന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ചങ്ങനാശേരി സ്വദേശിനിയായ യുവതിയെ ഭർത്താവ് നിർബന്ധപൂർവം പലർക്കായി കാഴ്ച വച്ചതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നു കറുകച്ചാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവ് അടക്കം ആറു പേരെ അറസ്റ്റ് ചെയ്തത്. ഇനി മൂന്നു പേരെ കൂടി കേസിൽ അറസ്റ്റ് ചെയ്യാനുണ്ടെന്നു പൊലീസ് പറഞ്ഞു.

Hot Topics

Related Articles