കൊച്ചി : ദില്ലി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതില്‍ പ്രതികരണവുമായി എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. ബിജെപിയുടെ കളിപ്പാവകളായ ഗവർണർമാർ ഇവിടെ വന്ന് മതമേലധ്യക്ഷൻമാരെ കണ്ടതുകൊണ്ട് വിശ്വാസികള്‍ അവർക്ക് വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാല്‍ അവർ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ സഭയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് ബിജെപി സർക്കാരാണ്. താൻ മണിപ്പൂരില്‍ അത് നേരിട്ട് കണ്ടിരുന്നുവെന്നും ഹൈബി കൂട്ടിച്ചേർത്തു. ഡല്‍ഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ കണ്ടിരുന്നു. കൊച്ചിയില്‍ കർദിനാള്‍ മാർ റാഫേല്‍ തട്ടില്‍, ഓർത്തഡോക്സ് സഭാധ്യക്ഷൻ തുടങ്ങിയവരെ കാണുകയും ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളജിന്റെ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണം നല്‍കിയത് ഏറെ ചർച്ചയായിരുന്നു. അനില്‍ ആന്റണിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററില്‍ നടന്ന യോഗത്തില്‍ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സില്‍വാനിയോസ് മെത്രാപ്പൊലിത്ത, സഭാ പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളില്‍ തുടങ്ങി നൂറോളം വൈദികരും സഭാ വിശ്വാസികളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. മെത്രാപോലീത്തയും അനില്‍ കെ. ആന്റണിയും യോഗത്തില്‍ സംസാരിച്ചു. അനിലിന്റെ വിജയത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്കി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപിക്ക് പരസ്യ പിന്തുണ നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഭകള്‍ പിന്തുണയുമായി രംഗത്ത് വരുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു പറയുകയും ചെയ്തു.