കനൽ ഊതി തീ തിരഞ്ഞവർക്ക് ഇനി അഗ്നി കണ്ട് മടങ്ങാം ; ഇനിയും കെട്ടടങ്ങിയില്ലാത്ത കനലിന്റെ അവശേഷിപ്പുകൾ കരിയായി തീർന്നിട്ടില്ല ; പുതിയ പാഠത്തിന്റെ ട്യൂഷൻ ക്ലാസിൽ ക്ഷമയിലും അയാൾ 100 മാർക്ക് നേടി ; വിരാട് കോഹ്‌ലി എന്ന ക്രിക്കറ്റർ അവശേഷിപ്പിക്കുന്നത് ഭൂതകാലത്തിന്റെ ഭാവി വേർഷൻ

കേപ്ടൗൺ : കഴിഞ്ഞു പോയ രണ്ട് മാതൃകാ പരീക്ഷകളിലും വിജയം കണ്ടെത്താൻ കഴിയാതെ നിരാശനായ വിദ്യാർത്ഥി. പോയ വർഷങ്ങളിലെ മികവ് ഉയർത്തിക്കാട്ടി സമൂഹം അവനെ പ്രകീർത്തിച്ചു. അംഗീകാരങ്ങളും അഭിപ്രായപ്രകടനങ്ങളും അതിരു വിട്ടതോ , തന്റെ കഴിവ് സ്വയം മറന്നതോ കാരണം വ്യക്തമല്ലെങ്കിലും അവസാന രണ്ട് വർഷങ്ങളിൽ സമാനതകളില്ലാത്ത പരാജയത്തിലേക്ക് അവൻ കൂപ്പ് കുത്തി. അമിത പ്രതീക്ഷയുടെ ആശയും പേറി സമുഹത്തിന്റെ കുറ്റപ്പെടുത്തലുകൾ ഇരട്ടിച്ച കാലം. അവസാനമെന്ന നിലയിലെത്തിയ അവസരം. ഫൈനൽ പരീക്ഷയിൽ മികവ് പുലർത്തുവാൻ ചരിത്രം രചിച്ച് മടങ്ങിവരവിനൊരുങ്ങിയ അവന് ആദ്യ മോഡൽ പരീക്ഷയിൽ പരാജയവും രണ്ടാം പരീക്ഷയിൽ അസുഖവും വീണ്ടും വില്ലനായി. പൊരുതാനുറച്ച പോരാളിയുടെ മനസ്സുമായി അവസാനത്തെ പരീക്ഷയിൽ അവൻ തയ്യാറെടുത്തു. 100 മാർക്ക് നേടിയില്ലെങ്കിലും ആദ്യ ദിനത്തിലെ പരീക്ഷയിൽ അവൻ മികച്ച വിജയം നേടി. ക്ലാസിലെ കുട്ടികൾ 2 പേരൊഴികെ പരാജയപ്പെട്ട മത്സരത്തിൽ അവൻ അഭിമാനമായി മാറുകയായിരുന്നു.

Advertisements

അതെ കാലം കണക്ക് പറഞ്ഞ ക്രിക്കറ്റ് ലോകത്തെ പരീക്ഷയിൽ പൂർണ അർത്ഥത്തിൽ വിജയം നേടിയില്ലെങ്കിലും വിരാടെന്ന പോരാളി ബാറ്റ് കൊണ്ട് കുറിച്ചിട്ടത് ഇനിയും കെട്ടടങ്ങിയില്ലാത്ത കനലിന്റെ അവശേഷിപ്പുകൾ തന്നിൽ കരിയായി തീർന്നിട്ടില്ല എന്ന് തന്നെയാണ്. പരീക്ഷകളും പരീക്ഷണങ്ങളും അമിത പ്രതീക്ഷകളും ഒന്നിന് പിറകെ ഒന്നായി കടന്നു വന്നിട്ടും അയാൾ ഇന്ന്
ബാക്കിയാക്കുന്ന ഭാവിയുടെ സുന്ദര കാലത്തിന്റെ പ്രതീക്ഷ തന്നെയാണ് ആരാധക ലോകത്തിന്റെ ശ്വാസ താളം. പഴി കേട്ട് മടുത്ത കമന്ററികളിൽ നിന്ന് മൈക്കുകളിൽ ഉയർത്തിപ്പിടിച്ച് തിരുത്തി വിളിച്ചു പറയിപ്പിക്കുന്ന പ്രതികാരത്തിന്റെ പാതയിലേക്ക് അവൻ കടന്നത് തീവ്രമായ പരിശീലനത്തിന്റെ കരുത്തുമായാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തു നിന്നും വിരാട് കോഹ്‌ലി എന്ന ക്രിക്കറ്റ് താരം തുടങ്ങുന്നത് പുതിയ മാർഗത്തിന്റെ പാത വെട്ടിത്തുറന്ന് തന്നെയാണ്. കേപ്ടൗണിൽ ഇന്ത്യ ഒന്നുമാകാതെ തീർന്നു പോകേണ്ടിയിരുന്ന ഘട്ടത്തെ അയാൾ പ്രതിരോധിച്ച് നിർത്തിയ ശൈലി തന്നെ അത് വിളിച്ചു പറയുന്നുണ്ട്. വിരാട് മാറിയിരിക്കുന്നു. വിരാട് പഠിച്ചിരിക്കുന്നു. പരാജയത്തിന്റെ കണ്ണുനീർ നനവുകൾ പടർന്ന പാടത്ത് പ്രതീക്ഷയുടെ വിത്ത് മുളപ്പിക്കുവാൻ അവൻ തയ്യാറായിരിക്കുന്നു.

ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന മനോഹരമായ പന്തുകൾ അതിർത്തി വരയിലേയ്ക്ക് ഇടതു കാലിൽ ശക്തി ഊന്നി ഡ്രൈവ് ചെയ്ത് കളയാം എന്ന് ഇന്ന് എത്ര തവണകളിൽ അയാൾക്ക് തോന്നിയിരിക്കാം. വിശ്വാമിത്രന്റെ തപസിളക്കാൻ വിശ്വ സുന്ദരികളെ ദേവേന്ദ്രൻ അണി നിരത്തിയത് പോലെ കോഹ്‌ലിയുടെ ദൗർബല്യം തിരിച്ചറിഞ്ഞ് കവർ ഡ്രൈവിലേക്ക് ലൈനിൽ തുടരെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് ഒരു പക്ഷേ ക്ഷമയറ്റിരിക്കാം. ഓഫ് സ്റ്റംപ് ലൈനിൽ തന്റെ ബലഹീനത തിരിച്ചറിഞ്ഞ് ക്ഷമയോടെ അയാൾ ബാറ്റേന്തി. കവർ ഡ്രൈവുകൾ മിതമായ നിരക്കിൽ മാത്രം കളം വാണ മത്സരത്തിൽ 201 പന്തുകളാണ് അയാൾ 79 റൺസിനായി നേരിട്ടത്. ക്ഷമയോടെ കരുതലോടെ ബാറ്റ് വീശിയ മറ്റൊരു വിരാടിന്റെ വിരാട രൂപമാണ് കേപ് ടൗണിൽ കണ്ടത്.

പ്രലോഭനങ്ങൾ കൃത്യമായ ഇടവേളകളിൽ പറന്നെത്തുമ്പോഴും ബാറ്റുയർത്തി അയാൾ പന്തിനെ ലീവ് ചെയ്തു കളിച്ചു. ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളെ കൃത്യമായി നേരിടാൻ വ്യക്തമായ പഠനവുമായെത്തിയ പഠിതാവിന്റെ മനോ നിലയിലാണ് ഇന്ന് വിരാട് ബാറ്റേന്തിയത്. ലക്ഷ്യം വ്യക്തമായിരുന്നു. ക്ഷമയായിരുന്നു മുഖ്യ ആയുധം . പുജാരയുടെ ബാറ്റ് പോലും സ്പീഡും താളവും കണ്ടെത്തിയപ്പോഴും ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് പതിയെ സ്കോർ ഉയർത്തുന്ന വിരാടിനെയാണ് കേപ് ടൗൺ കണ്ടത്. ഒരു പക്ഷേ ഒപ്പം നിന്ന് പോരാടാൻ കട്ടപ്പയെപ്പോലെ ഒരാൾ വാളിന് പകരം ബാറ്റേന്തി ഒപ്പമുണ്ടായിരുന്നെങ്കിൽ 2019 ന്റെ കണക്ക് 2022 ൽ അവസാനിച്ച് ഒരു സെഞ്ചുറി കൂടി എഴുതി ചേർക്കപ്പെടുമായിരുന്നിരിക്കാം. വിക്കറ്റുകൾ ഒരറ്റത്ത് നഷ്ടമായി ഇന്നിംഗ്സ് അവസാനത്തിലേക്ക് കടക്കുമ്പോൾ മാത്രമാണ് അയാൾ ക്ഷമയിൽ നിന്നും പ്രകോപനത്തിലേയ്ക്ക് ഗിയർ മാറ്റിയത്. അത് തന്നെയാണ് സെഞ്ചുറിക്ക് 21 റൺസ് അകലെ അയാളെ വീഴ്ത്തി കളഞ്ഞതും .

അറ്റാക്കിംഗിലേക്ക് കാലൂന്നിയ വിരാടിൽ ഇന്ന് കണ്ടത് മറ്റൊരു ശൈലി തന്നെയായിരുന്നു. കഴിഞ്ഞ വർഷത്തിൽ ടെസ്റ്റിൽ 5 സിക്സറുകൾ മാത്രം നേടിയ കോഹ്‌ലി. കോഹ്‌ലിയുടെ ബാറ്റ് സിക്സർ മറന്നോ എന്ന് വരെ തോന്നിപ്പിച്ച നിമിഷങ്ങൾ. കണക്കുകളിൽ ഉമേഷ് യാദവിനേക്കാൾ പിന്നിലായിരുന്നിട്ടും കൂടുതൽ സിക്സർ നേടുവാൻ ടെസ്റ്റിൽ അയാൾക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് റബാദയെ പുൾ ചെയ്ത് ബൗണ്ടറി വര പറത്തിയ വിരാട് അവിടെയും പുതിയ കാലത്തിന്റെ വരവ് വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. അതേ അങ്ങനെ തന്നെ വിശ്വസിക്കാം. എത്രമേൽ എന്നെ ചവിട്ടുന്നുവോ നിങ്ങൾ അത്രയ്ക്ക് മേൽ ഞാൻ ഉയർന്ന് പൊങ്ങുമെന്ന കവി വാക്കുകൾ ഇവിടെ യാഥാർത്ഥ്യമാവുകയായി. അയാൾ കരുതി കൂട്ടി തന്നെയാണ്. വീണു പോയ കാലത്തിന്റെ പാഠ ഭാഗങ്ങൾ പൊടി തട്ടിയെടുത്ത് കൃത്യമായ റിവിഷൻ നടത്തി ട്യൂഷൻ ക്ലാസ് അറ്റൻഡ് ചെയ്ത് തന്നെയാണ് ഇന്ന് അയാൾ ഗാർഡ് വരച്ചത്. വിരാട ചരിതത്തിന്റെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുകയാണ് ഇനി വിരാട ചരിതം ചാപ്റ്റർ രണ്ടിനായി കാത്തിരിക്കാം. പരാജയപ്പെട്ടവന്റെ മനസിലെ തീ വീണ്ടും ഊതി ഊതി കനൽ കെട്ടടങ്ങിയെന്ന് കരുതിയ അടുപ്പിൽ നിന്നും അഗ്നി ജ്വലിച്ചുയരുന്ന പുതിയ കാലത്തിന്റെ പുത്തൻ വകഭേദങ്ങളിലേക്ക് …… പുതിയ പാഠഭാഗങ്ങൾ പകർന്ന പുത്തൻ അനുഭവങ്ങളിലേക്ക് …. പുതിയ കവർ ഡ്രൈവുകൾക്കായി കാത്തിരിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.