ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിപോലീസ് അറസ്റ്റുചെയ്തു. വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ നിർമിച്ചുവെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയില്‍ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ സംഘാംഗങ്ങളില്‍ പെട്ട നവീൻ, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. തെലങ്കാനയിലെ പ്രസംഗത്തില്‍ എസ്.സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകയുമെന്ന പ്രസംഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.
പ്രസംഗത്തിന്റെ യഥാർഥ വിഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാർത്താസമ്മേളനത്തില്‍ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരാജയ ഭീതിയിലായ കോണ്‍ഗ്രസ് വ്യാജവിഡിയോകള്‍ നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയാണ് വ്യാജ വിഡിയോ നിർമാണത്തില്‍ വിദഗ്ധരെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി. വ്യാജ വിഡിയോകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപടിയും തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും എൻ.സിപി.യുടെയും ഉള്‍പ്പെടെ വിവിധ എക്സ് അക്കൗണ്ടുകളില്‍ നിന്ന് വിഡിയോ നീക്കിയിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളർത്തുന്നുവെന്ന വകുപ്പ് ചുമത്തിയാണ് കേസ്. പാർട്ടി ഹാൻഡിലുകള്‍ വഴി വിഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.