കണ്ണൂർ : അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോണ്‍ട്രാക്ട് കാര്യേജ് സ്വകാര്യ ബസുകള്‍ക്കെതിരെ കെ.എസ്.ആർ.ടി.സി. രാത്രി സർവീസുകളില്‍ നിയമം ലംഘിച്ച് സ്റ്റോപ്പുകളില്‍ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് പരാതി നല്കി. വലിയ വരുമാന നഷ്ടം ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബംഗളൂരുവിലേക്കുള്ള സർവീസുകളിലാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി. നിരവധി സ്വകാര്യ ബസുകള്‍ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നുണ്ട്. എല്ലാം കോണ്‍ട്രാക്ട് കാര്യേജ് വ്യവസ്ഥയിലാണ്. ഈ ബസുകള്‍ റിസർവേഷനില്ലാതെ സ്റ്റോപ്പുകളില്‍ നിർത്തി ആളെ കയറ്റരുതെന്നാണ് ചട്ടം. എന്നാല്‍ ഇത് നിരന്തരം ലംഘിക്കുന്നുവെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി. കോണ്‍ട്രാക്ട് ക്യാരേജ് പെർമിറ്റ് അനുസരിച്ച് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ പേര് ഉള്‍പ്പെടുത്തി ചാർട്ട് തയ്യാറാക്കിയ ശേഷം ആ ചാർട്ടില്‍ പേരുള്ള ആളുകളെ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ.
എന്നാല്‍ ഇങ്ങനെ അല്ലാത്ത ധാരാളം ആളുകള്‍ ഇത്തരം ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി തലശ്ശേരി സ്റ്റേഷൻ മാസ്റ്റർ സുനോജ് പറയുന്നു. ലൈൻ ബസുകള്‍ പോലെ ഓരോ സ്റ്റോപ്പില്‍ നിന്നും കൈകാണിക്കുന്നവരെ കയറ്റിക്കൊണ്ട് പോകുന്നുവെന്നും ആരോപണമുണ്ട്. തിരക്ക് കുറവുള്ള ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇങ്ങനെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ച് ആളെ കയറ്റുന്നതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നു. ഇതേ റൂട്ടില്‍ സർവീസുകളുള്ള കെ.എസ്.ആർ.ടി.സി ബസുകള്‍ കാലിയായി ഓടും. തിരക്കുള്ള ദിവസങ്ങളില്‍ കെ.എസ്.ആർ.ടി.സി ഈടാക്കുന്നിതിന്റെ നാലും അഞ്ചും ഇരട്ടി തുക യാത്രക്കാരില്‍ നിന്ന് ഈടാക്കും. തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കും ആളുകളെ കൊണ്ടുപോകുമെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ഈ സാഹചര്യത്തില്‍ അനധികൃതമായ സ്റ്റേജ് കാര്യേജ് സർവീസുകള്‍ നിർത്തലാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിനോട് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.