ദില്ലി: അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഇന്ന് രാവിലെ നടത്തിയത്.
യുപിയിലെ അമേത്തിയിലോ റായ്ബറേലിയിലോ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം വരെ ഇതില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. രണ്ടാമതൊരു സീറ്റില്‍ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതോടെ തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിരുന്നു. ഏതായിരിക്കും മണ്ഡലം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. പാര്‍ട്ടിക്ക് അകത്തും ഇതെച്ചൊല്ലി നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം പ്രിയങ്ക ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അമേഠിയില്‍ കോണ്‍ഗ്രസിന് വേണ്ടി അങ്കത്തിന് ഇറങ്ങുന്നത് കിശോരിലാല്‍ ശര്‍മ്മയാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി എന്നീ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ ആണ് കിശോരിലാല്‍ ശര്‍മ്മ. പ്രിയങ്ക സ്വമേധയാ പിൻവാങ്ങിയതാണെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്.