തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി.രാത്രി പത്ത് മുതല്‍ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കണം. രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളില്‍ എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെ.എസ്.ഇ.ബി സർക്കാരിന് റിപ്പോർട്ട് നല്‍കും. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിoഗ് രാത്രി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി നിർദ്ദേശിച്ചു.അതേസമയം സംസ്ഥാനത്ത് പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാദ്ധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്
തൃശൂർ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഉഷ്ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ അവസ്ഥയില്‍ സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാൻ സാദ്ധ്യത കൂടുതലാണ്.