ഡൽഹി : രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു സഞ്ജു സാംസന്റെ മനോഹരമായ ഒരു ഷോട്ട് ബൗണ്ടറി ലൈനിൽ ഷായ് ഹോപ് പിടിച്ചതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. മറ്റ് ബാറ്റർമാർ എല്ലാം കളി മറന്ന മത്സരത്തിൽ 46 പന്തിൽ 86 റണ്ണുമായി ഒറ്റയ്ക്കാണ് സഞ്ജു ടീമിനെ നയിച്ചത്. ഇതിനിടെ പതിനഞ്ചാം ഓവറിന്റെ നാലാം പന്തിൽ സഞ്ജു പുറത്തായതാണ് വിവാദമായിരിക്കുന്നത്. മുകേഷ് കുമാറിനെ ബൗണ്ടറിക്ക് പുറത്തേക്ക് സഞ്ജു പറത്തിയപ്പോൾ , ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന ഷായി ഹോപ്പ് ക്യാച്ച് എടുക്കുകയായിരുന്നു. എന്നാൽ ക്യാച്ച് തേഡ് അമ്പയറിന് വിട്ട ശേഷമാണ് ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചത്. ഔട്ട് വിധിച്ചതിനെതിരെ ഗ്രൗണ്ടിൽ വച്ചുതന്നെ , സഞ്ജു പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. ക്യാച്ച് എടുക്കുന്നതിനിടെ ഷായ് ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ തൊട്ടതായാണ് വീഡിയോയിൽ കാണുന്നത്. ഇതാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ രാജസ്ഥാൻ ആരാധകരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഷായി ഹോപ്പിന്റെ ബൂട്ട് ബൗണ്ടറി ലൈനിൽ തട്ടുന്നതിന് ചിത്രവും വീഡിയോയും സഹിതമാണ് പ്രതിഷേധം പുകയുന്നത്. ഏതായാലും വരും ദിവസങ്ങളിൽ ഈ വിവാദം ചർച്ചയാകും എന്ന് ഉറപ്പാണ്.