തിരുവനന്തപുരം: തെക്കൻ കേരളത്തില്‍നിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴി വരുന്നു. കേന്ദ്രസർക്കാർ നേരത്തേ പരിഗണിച്ച തിരുവനന്തപുരം-അങ്കമാലി പാതയാണ് അതിവേഗ ഇടനാഴിയാക്കുന്നത്. പദ്ധതി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷൻ 2047-ല്‍ ഉള്‍പ്പെട്ടേക്കും. ഇതിനുള്ള ആദ്യ നടപടികള്‍ ദേശീയപാതാ അധികൃതർ പൂർത്തിയാക്കി റോഡ് മന്ത്രാലയത്തിന് സമർപ്പിച്ചു. ഭാരത്മാല പദ്ധതിക്കു പകരമാണ് വിഷൻ 2047-ആവിഷ്കരിക്കുന്നത്.
2047-ടെ രാജ്യത്ത് 50,000 കിലോമീറ്റർ ആക്സസ് കണ്ട്രോള്ഡ് ദേശീയപാതകള്‍ നിർമിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതില്‍ എക്സിറ്റ് പോയന്റുകള്‍ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോള്‍ നല്കിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോള്‍ സംവിധാനമാണ് ഇത്തരം റോഡുകളില്‍ ആവിഷ്കരിക്കുക. കേരളത്തില്‍ ആക്സസ് കണ്ട്രോള് സംവിധാനത്തില്‍ നിർമിക്കുന്ന ആദ്യ റോഡ് കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും പാതകള്‍ നിർമിക്കുക.