ഐപിഎല്‍ പോരാട്ടം അത്യുഗ്രൻ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് തല മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷയ്‌ക്കായി മറ്റ് ടീമുകളുടെ വിജയവും തോല്‍വിയുമൊക്കെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ചെന്നൈ ഉള്‍പ്പെടെയുളള ടീമുകള്‍.കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സ്, രാജസ്ഥാൻ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, ഇവർക്ക് പുറമെ പ്ലേ ഓഫിലെത്താൻ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. എന്നാല്‍, ഗുജറാത്തിനോട് തോല്‍വി വഴങ്ങിയതോടെ പ്ലേ ഓഫ് സാധ്യതക്കും മങ്ങലേറ്റു. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെന്ന് പരിശോധിക്കാം..
12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെന്നൈ. മുന്നിലുള്ള ഹൈദരാബാദിനെക്കാളും പിന്നിലുള്ള ഡല്‍ഹി, ലഖ്‌നൗ ടീമുകളെക്കാളും മികച്ച നെറ്റ് റണ്‍റേറ്റുണ്ടെന്നത് ചെന്നൈക്ക് അനുകൂല ഘടകമാണ്. പ്ലേ ഓഫിലെത്താൻ ജീവൻമരണ പോരാട്ടം നടത്തുന്ന ആർസിബിയും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയല്‍സുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികള്‍. രണ്ട് കളികളും ജയിച്ചാല്‍ 16 പോയിന്റുമായി ടീമിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. ഇതില്‍ ഏതെങ്കിലും ടീമിനോട് പരാജയപ്പെട്ടാല്‍ ഡല്‍ഹിയുടെയും ലക്‌നൗവിന്റെയും റണ്‍റേറ്റ് അടിസ്ഥാനമാക്കിയാകും വിധി. രണ്ടും പരാജയപ്പെടുകയാണെങ്കില്‍ തീർച്ചയായും പുറത്തേക്ക്. ശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നില്‍ ഹൈദരാബാദ് വലിയ മാർജിനില്‍ തോല്‍ക്കുകയും, ഡല്‍ഹി – ലക്‌നൗ മത്സരത്തിലെ വിജയി വരാനിരിക്കുന്ന മറ്റൊരു മത്സരത്തില്‍ വലിയ മാർജിനില്‍ തോല്‍ക്കുകയും ചെയ്താല്‍ പ്രതീക്ഷയ്‌ക്ക് വകയുണ്ട്. തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് പ്രഹരമേല്‍പ്പിച്ച ഗുജറാത്തിനെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയാലും ചെന്നൈക്ക് പ്ലേ ഓഫിലേക്ക് കടക്കാം.