ബംഗളൂരു: വിവാഹം നീട്ടിവച്ച വൈരാഗ്യത്തില്‍ 32കാരൻ കൊലപ്പെടുത്തിയ 16കാരിയുടെ തല കണ്ടെടുത്തു. മടിക്കേരിയിലെ സർലബ്ബി സ്വദേശിനിയായ മീനയുടെ തലയാണ് പൊലീസ് കണ്ടെത്തിയത്.അതേസമയം, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയായ പ്രാകാശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആത്മഹത്യ ചെയ്തെന്ന തരത്തിലുളള വാർത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ സർലബ്ബിയിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേത് എന്ന തരത്തില്‍ പ്രചരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടുകൂടിയായിരുന്നു കൊലപാതകം നടന്നത്.
മീന എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ ആഘോഷം വീട്ടില്‍ നടക്കുന്നതിന്റെ ഇടയിലായിരുന്നു കൊലപാതകം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രകാശ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മരം വെട്ടാനുപയോഗിക്കുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെ മീനയെ വീടിന് പുറത്തേക്ക് നൂറ് മീറ്ററോളം വലിച്ചിഴച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ പ്രതി പെണ്‍കുട്ടിയുടെ അറുത്തെടുത്ത തലയുമായി കടന്നുകളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെണ്‍കുട്ടിയും പ്രതിയുമായുളള വിവാഹനിശ്ചയം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ ബാലവിവാഹം നടക്കുന്നുവെന്ന വിവരം ലഭിച്ച വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മീനയുടെയും പ്രകാശിന്റെയും മാതാപിതാക്കളോട് സംസാരിച്ചിരുന്നു.തുടർന്ന് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായതിനുശേഷം വിവാഹം നടത്താമെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രകാശും ബന്ധുക്കളും മീനയുടെ വീട്ടില്‍ നിന്നും മടങ്ങി പോയിരുന്നു. വിവാഹം മുടങ്ങിയതിലുളള ദേഷ്യം കാരണമാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പ്രകാശിനെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.