കോഴിക്കോട് : കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ഉപരോധവും ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫീസിലേക്ക് കയറാനായി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ചേലപ്പുറത്ത് എത്തിയപ്പോഴാണ് സമരക്കാരുമായി വാക്കുതര്‍ക്കമുണ്ടായത്. സി.പി.എം നേതാവ് ഇ. രമേശ് ബാബു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയാലണ് ആയിഷ എത്തിയത്. തുടര്‍ന്ന് സമരക്കാര്‍ക്കിടയിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തന്നെ ബലമായി തടയുകയും രൂക്ഷമായ ഭാഷയില്‍ അസഭ്യം വിളിക്കുകയും ചെയ്തെന്ന് ആയിഷ ആരോപിച്ചു.
ഒരു വനിതാ അംഗം എന്ന പരിഗണ പോലും സമരക്കാര്‍ തന്നോട് കാണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഉദ്ഘാടന പ്രസംഗം നടക്കുമ്ബോള്‍ സമരത്തെ ഗൗനിക്കാതെ പ്രാസംഗികനെ തട്ടിമാറ്റിയെന്നോണം ഇവര്‍ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സാഹചര്യങ്ങള്‍ വഷളാകാന്‍ ഇടയാക്കിയതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുക്കം പൊലീസ് ഇവരെ മറ്റൊരു വഴിയിലൂടെ ഓഫീസിലേക്ക് കടത്തിവിടുകയായിരുന്നു.