അഹമ്മദാബാദ്: അഹമ്മദാബാദില്‍ ശക്തമായി പെയ്തിറങ്ങിയ മഴയ്ക്കൊപ്പം ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലേ ഓഫ് മോഹങ്ങളും ഒഴുകിപ്പോയി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള നിര്‍ണായക മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് നിലവിലെ റണ്ണറപ്പുകളായ ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. മഴ കനത്തതോടെ രാത്രി 10.40 വരെ ടോസിടാന്‍ കഴിയാതെ വരികയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ഈ സീസണില്‍ മഴ മൂലം ഉപേക്ഷിക്കേണ്ടിവരുന്ന ആദ്യത്തെ മത്സരമാണിത്.നേരത്തെ തന്നെ പ്ലേ ഓഫിലേക്ക് ടിക്കറ്റ് ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത. 13 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി നിലവില്‍ ഒന്നാമതാണ് കൊല്‍ക്കത്ത. അതേസമയം 13 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാമതുള്ള ഗുജറാത്തിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ആ വിദൂര സാധ്യതയ്ക്ക് മീതെ മഴ വില്ലനായപ്പോള്‍ പ്ലേ ഓഫില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ ടീമായി ഗുജറാത്ത് മാറി.