ഹൈദരാബാദ്: തെലുങ്ക് സിനിമ താരം ജൂനിയര്‍ എന്‍ടിആര്‍ നല്കിയ റിട്ട് ഹർജിയില്‍ വാദം കേള്‍ക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ജൂണിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ജൂബിലി ഹില്‍സ് ഹൗസിംഗ് സൊസൈറ്റിയിലെ 600 ചതുരശ്ര മീറ്റര്‍ പ്ലോട്ട് ഏറ്റെടുക്കാനുള്ള ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് ജൂനിയർ എൻടിആർ ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയര്‍ എന്‍ടിആര്‍ 2003 ല്‍ വാങ്ങിയ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ സ്ഥലത്തിന്റെ പേരില്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും ഇതിലേക്ക് നയിച്ച രേഖകള്‍ കോടതി വിളിച്ചുവരുത്തി പരിശോധിക്കണമെന്നുമാണ് ജൂനിയർ എൻടിആറിന്റെ ആവശ്യം. അഡ്വ. കെ. രാജേശ്വര റാവു മുഖേനയാണ് ജൂനിയര്‍ എന്‍ടിആര്‍ കേസ് നല്‍കിയത്. ചില സ്വകാര്യ വ്യക്തികള്‍ പ്ലോട്ട് പണയപ്പെടുത്തി വായ്പ എടുത്തതായി കാണിച്ച് നാല് ബാങ്കുകളാണ് ഇപ്പോള്‍ ജൂനിയര്‍ എന്‍ടിആറിന്റെ കൈയ്യിലുള്ള വസ്തുവിനെതിരെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലില്‍ കേസിന് പോയത്. കക്ഷികളുടെ വാദം കേട്ട് ഡിആർടി ബാങ്കുകള്‍ക്ക് അനുകൂലമായ ഉത്തരവ് കഴിഞ്ഞ ഏപ്രില്‍ 10ന് പുറപ്പെടുവിക്കുകയായിരുന്നു. 2003-ലാണ് താന്‍ വസ്തു വാങ്ങിയതെന്നും. ആ വസ്തു 1996-ല്‍ മറ്റ് ചിലര്‍ പണയപ്പെടുത്തി ലോണ്‍ എടുത്തു എന്ന ബാങ്കുകളുടെ വാദത്തെയാണ് ജൂനിയര്‍ എന്‍ടിആര്‍ ചോദ്യം ചെയ്യുന്നത്.
2007 ല്‍ ഈ സ്ഥലത്ത് ജൂനിയര്‍ എന്‍ടിആര്‍ ഒരു ബംഗ്ലാവും പണിതിരുന്നു. ജസ്റ്റിസുമാരായ സുജോയ് പോള്‍, ജെ. ശ്രീനിവാസ റാവു എന്നിവരുടെ അവധിക്കാല ബെഞ്ചിന് മുന്നില്‍ എത്തിയ ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം അവതരിപ്പിച്ച ഡെപ്യൂട്ടി സോളിസിറ്റർ ജനറല്‍ പ്രവീണ്‍ കുമാർ ഡിആർടി ഉത്തരവിനെതിരെ ഡല്‍ഹിയിലെ ഡിആർടി അപ്പലേറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്കാൻ ഹരജിക്കാരന് അവസരമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ സാധൂകരിക്കാൻ ചില രേഖകള്‍ ഹാജറാക്കാനുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ ബെഞ്ചിനോട് അഭ്യർത്ഥിച്ചു. എന്നാല്‍ ആവശ്യം നിരസിച്ച ബെഞ്ച് കേസ് ജൂണ്‍ ആറിലേക്ക് മാറ്റി. 2003 ല്‍ 36 ലക്ഷത്തിനാണ് ജൂനിയര്‍ എന്‍ടിആര്‍ ജൂബിലി ഹില്‍സിലെ സ്ഥലം വാങ്ങിയത്. ഇപ്പോള്‍ ആ സ്ഥലത്തിന്റെ മതിപ്പ് വില 24 കോടിയോളം വരും.