ചിങ്ങവനം: കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനകരി ചേന്നങ്കരി പത്തിൽച്ചിറ വീട്ടിൽ രഞ്ജിത്ത് പി.രാജൻ (36) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി പള്ളം ഭാഗത്ത് വച്ച് ഇയാൾ യാത്ര ചെയ്തിരുന്ന കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറെ ചീത്തവിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, അതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ സജീർ, ശ്രീകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.